‘ഫൺ ഫിൽഡ് എൻ്റർടെയ്നർ’; പ്രേമലുവിനെ പ്രകീർത്തിച്ച് ശിവകാർത്തികേയൻ
മലയാളത്തിലെ സർപ്രൈസ് സൂപ്പർ ഹിറ്റ് ചിത്രം പ്രേമലുവിനെയും അതിന്റെ അണിയറപ്രവർത്തകരെയും അഭിനന്ദിച്ച് തമിഴ് നടൻ ശിവകാർത്തികേയൻ. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് സിനിമയെയും സിനിമയുടെ അണിയറപ്രവർത്തകരെയും അദ്ദേഹം അഭിനന്ദിച്ചത്. ‘ഫൺ ഫിൽഡ് എൻ്റർടെയ്നർ’ എന്നാണ് പ്രേമലവിനെക്കുറിച്ചുള്ള ശിവകാർത്തികേയന്റെ അഭിപ്രായം. സംവിധായകൻ ഗിരീഷ് എ ഡി, സഹതിരക്കഥാകൃത്ത് കിരൺ ജോസി, അഭിനേതാക്കളായ മമിതാ ബൈജു. നസ്‍ലിൻ, സംഗീത് പ്രതാപ്, അഖില ഭാർഗവൻ, ശ്യാം മോഹൻ, സിനിമയുടെ നിർമ്മാതാക്കളായ ദിലീഷ് പോത്തൻ, ശ്യാം പുഷ്ക്കരൻ, ഫഹദ് ഫാസിൽ, സംഗീത സംവിധായകൻ വിഷ്ണു വിജയ് എന്നിവരെയും അദ്ദേഹം മെൻഷൻ ചെയ്തിട്ടുണ്ട്.
സിനിമയുടെ തെലുങ്ക് പതിപ്പ് പുറത്തിറങ്ങിയതിന് പിന്നാലെ തെലുങ്ക് താരം മഹേഷ് ബാബു പ്രേമലുവിനെ പ്രശംസിച്ചിരുന്നു. തനിക്കും കുടുംബത്തിനും ചിത്രം ഇഷ്ടപ്പെട്ടെന്നും അടുത്ത കാലത്ത് ഇതുപോലെ ചിരിച്ച സിനിമ വേറെയില്ലെന്നുമായിരുന്നു നടന്റെ പ്രതികരണം. സിനിമയുടെ തെലുങ്ക് ഡബ്ബിംഗ് അവകാശം പ്രശസ്ത സംവിധായകൻ എസ് എസ് രാജമൗലിയുടെ മകൻ എസ് എസ് കാർത്തികേയയാണ് സ്വന്തമാക്കിയത്. ചിത്രം തമിഴിലേക്ക് ഏറ്റെടുത്തിരിക്കുന്നത് റെഡ് ജെയ്ൻ്റ് മൂവീസ് ആണ്.
റിലീസ് ചെയ്ത് ഒരു മാസം കൊണ്ട് ചിത്രം ആഗോള തലത്തിൽ 100 കോടി ക്ലബിൽ ഇടം നേടിയിരുന്നു. ഈ നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ മലയാള സിനിമയാണ് പ്രേമലു. പുലിമുരുകൻ, ലൂസിഫർ, 2018, മഞ്ഞുമ്മൽ ബോയ്സ് എന്നീ സിനിമകളാണ് ഇതിന് മുന്‍പ് 100 കോടി ക്ലബിൽ ഇടം നേടിയത്.
മൂന്ന് കോടി ബജറ്റിലൊരുങ്ങിയ ചിത്രത്തിന് ലഭിക്കാവുന്നതിൽ വെച്ച് ഏറ്റവും മികച്ച അംഗീകാരമാണിത്. നസ്‍ലിനും മമിതയും പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തിൽ ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, മീനാക്ഷി രവീന്ദ്രൻ എന്നിവരും ശ്രദ്ധ നേടിയ താരങ്ങളാണ്. തമാശ കൊണ്ട് നിറഞ്ഞ സിനിമ പ്രണയത്തിനും പ്രാധാന്യം നൽകുന്നു.