എം എം മണിയുടേത് നാടൻ ഭാഷാ പ്രയോഗം; തങ്ങളുടേത് വ്യക്തിഹത്യ നടത്തുന്ന പാർട്ടി അല്ല: സി വി വർഗീസ്
ഇടുക്കി: ഡീൻ കുര്യാക്കോസിനും പി ജെ കുര്യനുമെതിരെ എം എം മണി നടത്തിയ അധിക്ഷേപത്തെ ന്യായീകരിച്ച് സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസ്. എം എം മണിയുടെ പരാമർശം സ്വാഭാവിക സംസാരത്തിൽ ഉണ്ടായതാണ്. തങ്ങൾ ആരെയും വ്യക്തിഹത്യ നടത്തുന്ന പാർട്ടി അല്ലെന്നും നാടൻ ഭാഷാ പ്രയോഗമായിരുന്നു എം എം മണിയുടേതെന്നും സി വി വർഗീസ് പറഞ്ഞു.
രാജേന്ദ്രൻ വിഷയത്തിൽ ഡീൻ കുര്യാക്കോസിന് എതിരെയും സി വി വർഗീസ് സംസാരിച്ചു. അദ്ദേഹത്തിന്റെ പാർട്ടിയിൽ നിന്ന് ആരും ബിജെപിയിൽ പോകാതെ നോക്കിയാൽ മതിയെന്ന് സി വി വർഗീസ് പറഞ്ഞു. സിപിഐഎമ്മിന്‍റെ കാര്യം ഡീൻ നോക്കേണ്ട. പകൽ ഖദറും രാത്രി കാവിയും ആണെന്ന് എ കെ ആന്റണി ഡീൻ കുര്യാക്കോസിനോട് പറഞ്ഞ് കൊടുത്തിട്ടുണ്ട്. എ കെ ആന്റണിയുടെയും കെ കരുണാകരന്റെയും കുടുംബത്തിൽ നിന്നുള്ളവർ ബിജെപി യിൽ എത്തി. ഇനി ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിൽ നിന്നും ആരെങ്കിലും കൂടെ പോയാൽ മതിയെന്നും സി വി വർഗീസ് പരിഹസിച്ചു.