12 കിലോയ്ക്കു മുകളിൽ വരുന്ന കൂൺ കൂട്ടങ്ങൾ; ഒറ്റ ചുവട്ടിൽ 20 കൂണുകളുടെ കൂട്ടം; കൂട്ടാറിലെ ഭീമൻ കൂൺ ഭക്ഷ്യയോഗ്യം
നെടുങ്കണ്ടം∙ കൂട്ടാറിൽ കണ്ടെത്തിയ ഭീമൻ കൂണിൽ നിന്ന് അത്യുൽപാദന സാധ്യതയുള്ള കൂൺ സൃഷ്ടിക്കാൻ കൃഷി വകുപ്പിന്റെ ശ്രമം. കൂട്ടാറിൽ ഏലം കർഷകന്റെ പുരയിടത്തിലുണ്ടായ ഉണ്ടായ വലുപ്പമേറിയ കൂണുകൾ ഭക്ഷ്യയോഗ്യമെന്നും കൃഷി വകുപ്പ് നടത്തിയ പ്രാഥമിക പഠനത്തിൽ കണ്ടെത്തി. 3 ദിവസം മുൻപാണ് കൂട്ടാർ പാൽക്കുളം സുഗതന്റെ പറമ്പിൽ 12 കിലോയ്ക്കു മുകളിൽ വരുന്ന കൂൺ കൂട്ടങ്ങൾ ഉണ്ടായത്. ഒറ്റ ചുവട്ടിൽ 20 കൂണുകളുടെ കൂട്ടമാണ് ലഭിച്ചത്.
ഹൈറേഞ്ചിൽ കൂൺ ഉണ്ടാകുന്നത് സാധാരണമാണെങ്കിലും ഇത്ര വലുപ്പത്തിൽ ഉണ്ടാകുന്നത് അപൂർവമാണ്. ട്രൈക്കോലോമ ഇനത്തിലുള്ള കൂണുകളാണിതെന്നും ഇവ കഴിക്കാമെന്നും നെടുങ്കണ്ടം കൃഷി ഓഫിസർ ഷീൻ ജോൺസ് പറഞ്ഞു. പാമ്പാടുംപാറ ഏലം ഗവേഷണ കേന്ദ്രത്തിൽ കൂണിന്റെ സാംപിൾ പഠനത്തിനായി കൈമാറി.
ഭക്ഷ്യയോഗ്യമെന്നും അത്യുൽപാദന സാധ്യതയേറിയ കൂണെന്നുമാണു പ്രാഥമിക റിപ്പോർട്ട്. വീടുകളിൽ ചിപ്പിക്കൂൺ കൃഷി ചെയ്യുന്നതു പോലെ ഇത്തരം കൂണും ഉൽപാദിപ്പിക്കാൻ കഴിയുമെന്നാണു കൃഷി വകുപ്പിന്റെ കണ്ടെത്തൽ. ഇതിനായുള്ള പ്രവർത്തനങ്ങൾ കരുണാപുരം, നെടുങ്കണ്ടം കൃഷിഭവനുകളുടെ നേതൃത്വത്തിൽ ആരംഭിച്ചു.