വീടാക്രമിച്ചു; സ്ത്രീയുടെ മൂക്ക് ഇടിച്ചു തകർത്തു; പൊലീസിനെ വെട്ടിച്ചു കാട്ടിലൊളിച്ച പ്രതികളെ പിടികൂടി
പീരുമേട് ∙ പൊലീസ് പിന്തുടരുന്നതറിഞ്ഞ് കെഎസ്ആർടിസി ബസിൽ നിന്ന് ഇറങ്ങിയോടി കാട്ടിലൊളിച്ച വീടാക്രമണക്കേസിലെ പ്രതികളെ നാട്ടുകാർ പിടികൂടി. പ്രതികളെ കുടുക്കിയതിൽ നിർണായകമായത് പൊലീസിന്റെ തന്ത്രപരമായ നീക്കങ്ങൾ. തൃക്കൊടിത്താനം പുതുപ്പറമ്പിൽ അഭിജിത്ത് ചന്ദ്രൻ(24), നാലുകോടി വാലടിത്തറ ജിത്തു പ്രസാദ് (28), നാലുകോടി ചക്കാലയിൽ ജിതിൻ എം.തോമസ് (30) എന്നിവരെ 40–ാം മൈൽ ഭാഗത്തു നിന്നാണ് നാട്ടുകാർ പിടികൂടി പെരുവന്താനം പൊലീസിനു കൈമാറിയത്.
ഇവരിൽ ജിതിനു മുൻകൂർ ജാമ്യം ലഭിച്ചിട്ടുള്ളതിനാൽ പിന്നീട് വിട്ടയച്ചു. വിവിധ കേസുകളിൽ പ്രതികളായ ഇവർ കഴിഞ്ഞ 18ന് നാലുകോടി വേഷ്ണാൽ ഭാഗത്തുള്ള സനീഷിന്റെ വീട്ടിൽ അതിക്രമിച്ചു കയറുകയും സനീഷിന്റെ ഭാര്യയുടെ മൂക്ക് ഇടിച്ചു തകർക്കുകയും വീട്ടുപകരണങ്ങൾ നശിപ്പിക്കുകയും ചെയ്ത ശേഷം ഒളിവിൽ പോവുകയായിരുന്നു.
ഇവർ എരുമേലി മുക്കടയിൽ ഒളിവിൽ കഴിയുന്നുണ്ടെന്ന വിവരമറിഞ്ഞു ശനിയാഴ്ച പുലർച്ചെ ആറരയോടെ തൃക്കൊടിത്താനം പൊലീസ് ഇവിടെയെത്തി. വീട് കണ്ടുപിടിച്ചു പൊലീസ് സംഘം എത്തുന്നതിനു മുൻപ് ഇവർ കടന്നു. കുമളിയിലേക്കു പോയ കെഎസ്ആർടിസി ബസിൽ യുവാക്കൾ കയറിയെന്നറിഞ്ഞ പൊലീസ്, ബസിന്റെ കണ്ടക്ടറുടെ ഫോണിൽ ബന്ധപ്പെട്ട് ഇവർ ബസിലുണ്ടെന്ന് ഉറപ്പിച്ചു. എന്നാൽ ബസ് ജീവനക്കാരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ യുവാക്കൾ പെരുവന്താനം 40–ാം മൈലിൽ എത്തിയപ്പോൾ ഡ്രൈവറെ ഭീഷണിപ്പെടുത്തി ബസ് നിർത്തിച്ച ശേഷം ഇറങ്ങിയോടി.
പിന്നാലെ പെരുവന്താനം പൊലീസും തൃക്കൊടിത്താനം പൊലീസും എത്തിയെങ്കിലും യുവാക്കളെ കണ്ടെത്താനായില്ല. തുടർന്ന് പ്രതികളുടെ ചിത്രങ്ങൾ നാട്ടുകാരെ കാണിച്ച ശേഷം പൊലീസ് സംഘം മടങ്ങി. നാട്ടുകാർ തിരച്ചിൽ നടത്തുന്നതിനിടെ മൂന്നംഗ സംഘം ഒരു കുഴിയിൽ ഒളിച്ചിരിക്കുന്നതു കണ്ടു. ഓട്ടോറിക്ഷ വേണമെന്നു യുവാക്കൾ ആവശ്യപ്പെട്ടു.
വാഹനം വിളിച്ചു നൽകാമെന്നു പറഞ്ഞ ശേഷം നാട്ടുകാർ പെരുവന്താനം പൊലീസിൽ വിവരം അറിയിച്ചു. ഇവർ എത്തി പ്രതികളെ കസ്റ്റഡിയിലെടുത്ത് തൃക്കൊടിത്താനം പൊലീസിനു കൈമാറി. പ്രതികളെ പിടികൂടാൻ പൊലീസിനു സഹായകമായത് ഓട്ടോ ഡ്രൈവറുടെയും കെഎസ്ആർടിസി ബസ് കണ്ടക്ടറുടെയും മൊഴികൾ. എരുമേലി മുക്കട ഭാഗത്ത് പ്രതികൾ ഉള്ളതായ സൂചനയുടെ അടിസ്ഥാനത്തിലാണ് ഇന്നലെ രാവിലെ തൃക്കൊടിത്താനം പൊലീസ് എത്തിയത്. എന്നാൽ പ്രതികൾ കടന്നു കളഞ്ഞിരുന്നു.
ഇവർ സഞ്ചരിച്ച ഓട്ടോയുടെ ഡ്രൈവറെ കണ്ടെത്തി ചോദ്യം ചെയ്തപ്പോൾ കുമളിയിലേക്കു പോകുന്നതിനെക്കുറിച്ചു സംഘം സംസാരിച്ചിരുന്നതായി പൊലീസ് മനസ്സിലാക്കി. തുടർന്ന് പൊലീസ് എരുമേലി കെഎസ്ആർടിസി ഡിപ്പോയിൽ ബന്ധപ്പെട്ടു കുമളി ബസിലെ കണ്ടക്ടറുടെ നമ്പർ ശേഖരിച്ചു. തുടർന്നാണ് പ്രതികളുടെ ചിത്രങ്ങൾ അയച്ചു കൊടുത്തത്.
പോൾ മുത്തൂറ്റ് വധക്കേസിലെ പ്രതിക്കെതിരെ സനീഷ് മൊഴി നൽകിയതിന്റെ വൈരാഗ്യത്തെത്തുടർന്നാണ് സനീഷിന്റെ വീട്ടിൽ കയറി പ്രതികൾ ആക്രമണം നടത്തിയതെന്നു പൊലീസ് പറഞ്ഞു. പ്രതികളെ ഇന്നു കോടതിയിൽ ഹാജരാക്കും. തൃക്കൊടിത്താനം എസ്എച്ച്ഒ ഇ.അജീബ്, എസ്ഐ അഖിൽ ദേവ്, എസ്ഐ പ്രദീപ്, എസ്ഐ ട്രെയിനി ടി.എസ്.ജയകൃഷ്ണൻ, പ്രതീഷ്, ജോർജ് എന്നിവരാണ് പരിശോധന നടത്തിയത്.