‘പ്രേമലു ഇനി തെലുങ്കലു’; സിനിമയുടെ റൈറ്സ് സ്വന്തമാക്കി രാജമൗലിയുടെ മകൻ
പ്രശസ്ത സംവിധായകൻ എസ് എസ് രാജമൗലിയുടെ മകൻ എസ് എസ് കാർത്തികേയ മലയാളത്തിലെ ഹിറ്റ് റൊമാൻ്റിക് കോമഡി ചിത്രമായ ‘ പ്രേമലു’വിൻ്റെ തെലുങ്ക് ഡബ്ബിംഗ് അവകാശം സ്വന്തമാക്കി. മലയാള സിനിമയിൽ കാർത്തികേയ തൻ്റേതായ വ്യക്തിമുദ്ര പതിപ്പിക്കാനൊരുങ്ങുന്നു എന്നതിന്റെ സൂചനയായി ഇതിനെ തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഒടിടി പ്ലേ റിപ്പോർട്ടനുസരിച്ച് വൻ തുകയ്ക്കാണ് കാർത്തികേയ ചിത്രത്തിന്റെ റൈറ്സ് സ്വന്തമാക്കിയിരിക്കുന്നത്.
മൂന്ന് കോടി ബജറ്റിൽ ഒരുക്കിയ ചിത്രമാണ് പ്രേമലു എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ എല്ലാത്തരം പ്രേക്ഷകരും സിനിമയെ സ്വീകരിച്ചു. തമാശ കൊണ്ട് നിറഞ്ഞ സിനിമ പ്രണയത്തിനും പ്രാധാന്യം നൽകുന്നു. സിനിമ ആഗോളതലത്തിൽ നേരത്തെ തന്നെ 50 കോടി ക്ലബിൽ എത്തിയിരുന്നു. ബോക്സ് ഓഫീസിൽ വമ്പൻ റിലീസുകൾ വന്നിട്ട് പോലും പ്രേമലുവിന് കാര്യമായ കോട്ടമൊന്നും തെറ്റിയിട്ടില്ല എന്നത് ശ്രദ്ദേയമാണ്.
ഹൈദരാബാദിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രത്തിൽ നസ്ലിനും മമത ബൈജുവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. ഗിരീഷ് എഡിയും കിരൺ ജോസിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ. വിഷ്ണു വിജയ് സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രം ഭാവന സ്റ്റുഡിയോസാണ് നിർമ്മിച്ചത്.