ദൈവകൃപയിൽ വളരാൻ വിശ്വാസികൾ ശ്രദ്ധിക്കണം: മാർ ജോർജ് മഠത്തിക്കണ്ടത്തിൽ
ദൈവകൃപയിൽ വളരാൻ വിശ്വാസികൾ നിദാന്ത ജാഗ്രത പുലർത്തണമെന്ന് കോതമംഗലം രൂപതാ മെത്രാൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ. ഇരട്ടയാറിൽ ഇടുക്കി രൂപത ബൈബിൾ കൺവെൻഷന്റെ രണ്ടാം ദിവസം വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. ദൈവകൃപയിൽ വളരാൻ കഴിഞ്ഞാലേ സ്വർഗം സ്വന്തമാക്കാൻ സാധിക്കുകയുള്ളൂ. ഭൗതിക സമ്പത്ത് നേടാൻ വേണ്ടിയിട്ടുള്ള ശ്രമത്തിനിടയ്ക്ക് ആത്മീയ സമ്പത്ത് സ്വരൂപിക്കുന്നതിൽ ശ്രദ്ധ കുറഞ്ഞുപോകുന്നുണ്ട്. ഭൗതിക സമ്പത്ത് ക്ഷണികവും ആത്മീയ സമ്പത്ത് ശാശ്വതവുമാണ് എന്ന് നാം തിരിച്ചറിയണം. ഈ ആത്മീയ സമ്പത്ത് സ്വന്തമാക്കിയവർക്ക് മാത്രമേ ദൈവകൃപയിൽ നിലനിൽക്കാൻ കഴിയുകയുള്ളൂ. കുടുംബ പ്രാർത്ഥനയിലും ആത്മീയ ശുശ്രൂഷകളിലും സജീവമായി പങ്കെടുക്കുന്നത് ദൈവകൃപയിൽ വളരാൻ സഹായകമാണ് ദൈവവചനം ശ്രമിക്കുകയും പഠിക്കുകയും പങ്കുവയ്ക്കുകയും ചെയ്യുന്നതു വഴി ദൈവകൃപയിൽ നിലനിൽക്കാൻ നമുക്ക് സാധിക്കും. കുട്ടികളും മാതാപിതാക്കളും ഒരുമിച്ചിരുന്ന് ദൈവവചനം വായിക്കുകയും പഠിക്കുകയും ചെയ്യുന്ന സാഹചര്യം കുടുംബങ്ങളിൽ ഉണ്ടാകണം. വിശുദ്ധ കുർബാനയോട് ആഭിമുഖ്യം വളരുന്നതും ദൈവകൃപയിൽ നിലനിൽക്കാൻ നമ്മളെ സഹായിക്കുന്നതാണന്നും അദ്ദേഹം പറഞ്ഞു.
ഫാ.ജോസ് മാറാട്ടിൽ, ഫാ. ജോബി വാഴയിൽ എന്നിവർ സഹകാർമികരായിരുന്നു.അണക്കര മരിയൻ ധ്യാനകേന്ദ്ര ഡയറക്ടർ ഫാദർ ഡൊമിനിക് വാളംമനാൽ നയിക്കുന്ന കൺവെൻഷൻ ഞായറാഴ്ചയാണ് സമാപിക്കുന്നത്. മൂന്നാം ദിവസമായ നാളെ മൂന്നു മണി മുതൽ കുമ്പസാരത്തിനുള്ള സൗകര്യം ഉണ്ടായിരിക്കും. ഭദ്രാവതി രൂപതാ മെത്രാൻ മാർ ജോസഫ് അരുമച്ചാടത്ത് നാളെ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകും. ആയിരക്കണക്കിന് വിശ്വാസികളാണ് കൺവെൻഷനിൽ സംബന്ധിക്കുന്നത്. കട്ടപ്പന, നെടുങ്കണ്ടം, ബഥേൽ, ചെമ്പകപ്പാറ എന്നിവിടങ്ങളിലേക്ക് തിരികെ പോകാനുള്ള വാഹന സൗകര്യങ്ങൾ ക്രമീകരിച്ചിട്ടുണ്ട്.