ചിന്നക്കനാൽ ബി എൽ റാമില്‍ കാട്ടാന ശല്യം രൂക്ഷം; ദുരിതത്തിലായി നാട്ടുകാര്‍
ഇടുക്കി ചിന്നക്കനാൽ ബി എൽ റാമിൽ കാട്ടാന ശല്യം പതിവാകുന്നു. മാസങ്ങളായി കാട്ടാന കൂട്ടം മേഖലയിൽ തമ്പടിച്ചിരിക്കുകയാണ്. പകൽ സമയത്ത് പോലും കൃഷിയിടങ്ങളിൽ ഇറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് നാട്ടുകാർ.
അരിമക്കൊമ്പൻ കളം ഒഴിഞ്ഞെങ്കിലും കുടിയേറ്റ കാലത്ത് പോലും ഇല്ലാത്ത വിധം രൂക്ഷമായിരിക്കുകയാണ് ബി എൽ റാമിലെ കാട്ടാന ശല്യം. മൂന്ന് മാസത്തിനിടെ ഏക്കർ കണക്കിന് കൃഷി ഭൂമി കാട്ടാന ആക്രമണത്തിൽ നശിച്ചു. ഇതോടെ കൃഷി നിർത്തി പോകേണ്ട അവസ്ഥയിലാണ് കർഷകർ.
അരികൊമ്പന് ശേഷം ചക്കക്കൊമ്പൻ മാത്രമായിരുന്നു മേഖലയിലെ പ്രധാന ഭീഷണി. എന്നാലിപ്പോൾ മൊട്ടവലനും മുറിവാലനുമടക്കം നിരവധി കാട്ടാനകളാണ് മേഖലയിൽ ഇറങ്ങുന്നത്. പ്രദേശത്ത് ഒരുമാസത്തിനിടെ രണ്ട് പേരാണ് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്. കുട്ടികളെ സ്കൂളിൽ വിടാൻ പോലും ഭയമാണെന്നാണ് നാട്ടുകാർ പറയുന്നത്. കാട്ടാനകൾക്ക് പുറമേ മാറ്റ് വന്യജീവികളും മേഖലയിൽ ഭീഷണിയാകുന്നുണ്ട്.