സൂര്യാഘാതം: തൊഴിലാളികളുടെ ജോലി സമയം പുന:ക്രമീകരിച്ചു
പകല്‍ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കുന്നതിനുള്ള സാധ്യതയുള്ളതിനാല്‍ അവരുടെ ജോലി സമയം പുന:ക്രമീകരിച്ചുകൊണ്ട് ലേബര്‍ കമ്മീഷണര്‍ ഉത്തരവിട്ടു. ഫെബ്രുവരി മാസം 17 മുതല്‍ ഏപ്രില്‍ 30 വരെ പകല്‍ സമയം വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഉച്ചക്ക് 12 മണി മുതല്‍ മൂന്ന് മണി വരെ വിശ്രമ വേളയായിരിക്കും. രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം ഏഴ് മണി വരെയുള്ള സമയത്തിനുള്ളില്‍ എട്ടു മണിക്കൂറായി ജോലി സമയം നിജപ്പെടുത്തിയും ഷിഫ്റ്റ് വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് രാവിലത്തെ ഷിഫ്റ്റ് ഉച്ചക്ക് 12 മണിക്ക് അവസാനിക്കുന്ന തരത്തിലും ഉച്ചയ്ക്ക് ശേഷമുളള ഷിഫ്റ്റ് വൈകുന്നേരം മൂന്ന് മണിക്ക് ആരംഭിക്കുന്ന തരത്തിലും പുന:ക്രമീകരിച്ചിട്ടുണ്ട്. തൊഴിലുടമകള്‍ തൊഴിലാളികളുടെ ജോലി സമയം മേല്‍പറഞ്ഞ രീതിയില്‍ ക്രമീകരിച്ച് നല്‍കണമെന്നും ഇക്കാര്യത്തില്‍ വീഴ്ച വരുത്തിയാല്‍ തൊഴിലുടമകള്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുന്നതാണെന്നും ജില്ലാ ലേബര്‍ ഓഫീസര്‍ സ്മിത കെ.ആര്‍ അറിയിച്ചു.