കേരള അതിർത്തിയിലെ തമിഴ്നാട് വനത്തിൽ കത്തിക്കരിഞ്ഞ നിലയിൽ പാസ്റ്ററുടെ മൃതദേഹം കണ്ടെത്തിയതിലെ ദുരൂഹത ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ചിൽ ഹർജി നല്കും.
കഴിഞ്ഞ 12 നായിരുന്നു മന്തിപ്പാറ വയലാർ നഗർ സെൻ്റ് തോമസ് ഇവാഞ്ചലിക്കൽ പള്ളിയിലെ പാസ്റ്ററായ ലാലു എന്ന പി വി എബ്രാഹാമിനെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. തേനി മെഡിക്കൽ കോളജിൽ മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകിയെങ്കിലും സംസ്കാരം സംബന്ധിച്ച് വിവരങ്ങൾ ഇദ്ദേഹം താമസിച്ചിരുന്ന പള്ളിയിലെ വിശ്വാസികളെ അറിയിച്ചില്ല.
സാമ്പത്തിക ബാധ്യത മൂലം ആത്മഹത്യചെയ്തായാണെന്നാണ് പൊലീസ് പറയുന്നതെങ്കിലും ഇദ്ദേഹത്തിന് ചെറിയ സാമ്പത്തിക ബാധ്യത മാത്രമാണ് ഉള്ളതെന്നാണ് ബന്ധുകൾ പറയുന്നത്. എന്നാൽ പാസ്റ്ററെ കാണാതായ ദിവസം മന്തിപ്പാറയിലെ ബാർബർ ഷോപ്പിൽ എത്തി മുടിമുറിക്കുകയും ഇതിന് ശേഷം സമീപത്തെ ചായക്കടയിൽ നിന്നും പൊറോട്ടയും കറിയും വാങ്ങി താമസ സ്ഥലത്തേക്ക് പോയിരുന്നു.
ഇതിന് പിന്നാലെയാണ് പാസ്റ്ററെ കാണാതായത്. പാസ്റ്ററെ തേടി വിശ്വാസികൾ പള്ളിയിലെത്തിയപ്പോൾ വാതിൽ തുറന്നു കിടക്കുകയായിരുന്നു.മുറിക്കുള്ളിൽ പാർസലായി വാങ്ങിയ ഭക്ഷണ സാധനങ്ങൾ അതെ പടി കണ്ടെത്തി.അടുപ്പമുള്ള ആരോ വന്ന് വിളിച്ചതിനെ തുടർന്ന് പുറത്തിറങ്ങിയ പാസ്റ്ററെ ബലമായി തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയതാവാനാണ് സാധ്യത ഈ സാഹചര്യത്തിലാണ് മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുന്നത്.