താലൂക്ക് ആശുപത്രിയിൽ വാക്‌സിനേഷൻ മന്ദഗതിയിൽ;50 ശതമാനം പോലും പൂർത്തിയാകാതെ കട്ടപ്പന നഗരസഭ
കട്ടപ്പന: വാക്‌സിൻ കുറവായതിനാൽ കട്ടപ്പന താലൂക്ക് ആശുപത്രിയിൽ വാക്‌സിനേഷൻ മന്ദഗതിയിൽ. സമീപ പഞ്ചായത്തുകളിൽ നിന്നടക്കമുള്ളവർ എത്തുന്ന താലൂക്ക് ആശുപത്രിയിൽ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾക്ക് അനുവദിച്ചിട്ടുള്ള അളവിലുള്ള വാക്‌സിൻ മാത്രമാണ് നിലവിൽ ലഭിക്കുന്നത്. നഗരസഭയിലെ ഏക വാക്‌സിനേഷൻ കേന്ദ്രം ഇവിടെയാണ്. ജനസാന്ദ്രത കൂടുതലുള്ള കട്ടപ്പനയിൽ വാക്‌സിനേഷൻ വേഗത്തിലാക്കണമെങ്കിൽ കൂടുതൽ അളവിൽ വാക്‌സിനുകൾ എത്തിക്കേണ്ടി വരും.
സമീപ പഞ്ചായത്തുകളിൽ നിന്നുള്ളവരും താലൂക്ക് ആശുപത്രിയെയാണ് ആശ്രയിക്കുന്നത്. എന്നാൽ പി.എച്ച്.സികൾക്ക് അനുവദിച്ചിരിക്കുന്ന അളവിൽ മാത്രമേ ഇവിടെയും എത്തുന്നുള്ളൂ. ഇവയിൽ പകുതിയും മറ്റ് പഞ്ചായത്തുകളിൽ നിന്ന് ബുക്ക് ചെയ്തവർക്ക് നൽകുന്നതോടെ കട്ടപ്പനയിലുള്ളവർക്ക് ലഭിക്കാത്ത സ്ഥിതിയാണ്. നിലവിൽ ലിക്കുന്ന 200 മുതൽ 250 വരെ ഡോസ് വാക്‌സിനുകൾ മറ്റ് പഞ്ചായത്തുകളിലെ താമസക്കാർക്ക് കൂടി നൽകുന്നതോടെ നഗരസഭയിൽ 50 ശതമാനം പോലും വാക്‌സിനേഷൻ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. നഗരങ്ങളിലെ വാണിജ്യ സ്ഥാപനങ്ങളിൽ ജോലിയെടുക്കുന്ന അന്യ സംസ്ഥാന തൊഴിലാളികൾക്കടക്കം വാക്‌സിൻ നൽകണമെന്നാണ് സർക്കാർ നിർദ്ദേശം.
എന്നാൽ കൂടുതൽ അളവിൽ വാക്‌സിൻ എത്തിക്കാൻ നടപടിയായിട്ടില്ല. കഴിഞ്ഞ മേയിൽ ആദ്യ ഡോസ് സ്വീകരിച്ചവർക്ക് രണ്ടാമത്തെ ഡോസ് സ്വീകരിക്കേണ്ട തീയതി കഴിഞ്ഞിട്ടും ലഭ്യമായിട്ടില്ല. വെബ്‌സൈറ്റിൽ സ്ളോട്ടുകൾ ലഭ്യമല്ലാത്തിനാൽ ബുക്ക് ചെയ്യാനും കഴിയുന്നില്ല. പുതിയ വാക്‌സിനേഷൻ സെന്റർ ആരംഭിക്കാനായി ടൗൺ ഹാൾ വിട്ടുനൽകാമെന്ന് നഗരസഭ സന്നദ്ധത അറിയിച്ചിട്ടുണ്ട്. കൂടുതൽ അളവിൽ വാക്‌സിൻ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭ വിപ്പ് സിബി പാറപ്പായി ഡി.എം.ഒയ്ക്ക് നിവേദനം നൽകിയിട്ടുണ്ട്.