ഓൺലൈൻ വ്യാപാര സ്ഥാപനങ്ങൾ വ്യാപാരികൾ അടപ്പിച്ചു
കട്ടപ്പന: ഞായറാഴ്ച തുറന്ന് പ്രവർത്തിച്ച കട്ടപ്പനയിലെ ഓൺലൈൻ സ്ഥാപനങ്ങളുടെ ഔട്ട്‌ലറ്റുകൾ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കൾ ഇടപെട്ട് അടപ്പിച്ചു. സമ്പൂർണ അടച്ചിടൽ നിലവിലുള്ള ഞായറാഴ്ച സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കരുതെന്ന് വ്യാപാരികൾ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഇത് അവഗണിച്ച് സ്ഥാപനങ്ങൾ തുറന്നതാണ് വ്യാപാരികളെ പ്രകോപിപ്പിച്ചത്. പ്രതിഷേധത്തെ തുടർന്ന് ജീവനക്കാർ ഔട്ട്‌ലെറ്റ് അടച്ചു.സർക്കാർ നിർദ്ദേശം എല്ലാ സ്ഥാപനങ്ങൾക്കും ബാധകമാണന്നും തിങ്കൾ, ബുധൻ വെള്ളി ദിവസങ്ങളിൽ മാത്രമെ ഈ ഔട്ട് ലറ്റുകളും തുറന്ന് പ്രവർത്തിക്കാൻ പാടുള്ളു എന്ന നിർദ്ദേശം മുന്നോട്ട് വച്ചാണ് വ്യാപാരികൾ മടങ്ങിയത്. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി കെ.പി.ഹസൻ മർച്ചന്റ് അസോസിയേഷൻ കട്ടപ്പന യൂണിറ്റ് പ്രസിഡന്റ് എം.കെ. തോമസ്, മർച്ചന്റ് യൂത്ത് വിങ് ജില്ല പ്രസിഡന്റ് സിജോമോൻ ജോസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിഷേധം നടത്തിയത്.