ജില്ലയിലെ ടിപിആർ സംസ്ഥാന ശരാശരിയെക്കാൾ കൂടുതൽ; ടിപിആർ കുറച്ചാൽ ഇളവ്; കൈവിട്ടാൽ അടച്ചിടും
ജില്ലയിൽ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) കുറഞ്ഞെങ്കിലും ആശ്വസിക്കാറായിട്ടില്ലെന്ന് ആരോഗ്യവകുപ്പ്. കാരണം ഈ മാസം 4 ദിവസം ജില്ലയിലെ ടിപിആർ സംസ്ഥാന ശരാശരിയെക്കാൾ കൂടുതലായിരുന്നു. ആകെ സ്രവ പരിശോധന നടത്തുന്നവരിൽ എത്ര പേർക്ക് കോവിഡ് സ്ഥിരീകരിക്കുന്നു എന്നതിന്റെ അനുപാതമാണ് ടിപിആർ. ഇതിന്റെ അടിസ്ഥാനത്തിലാണ് നിലവിൽ ഓരോ തദ്ദേശ സ്ഥാപന പ്രദേശത്തും നിയന്ത്രണങ്ങൾ നിശ്ചയിക്കുന്നത്.
∙ ടിപിആർ കുറച്ചാൽ ഇളവ്; കൈവിട്ടാൽ അടച്ചിടും
ടിപിആർ അനുസരിച്ചുള്ള നിയന്ത്രണങ്ങൾ നിലവിൽ വന്നപ്പോൾ ജില്ലയിൽ ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തേണ്ട തദ്ദേശ സ്ഥാപനങ്ങൾ ഇല്ലായിരുന്നു. ഇടവെട്ടി പഞ്ചായത്തിൽ മാത്രമാണ് നിലവിൽ ലോക്ഡൗൺ നിയന്ത്രണങ്ങൾ ഉള്ളത്. തൊടുപുഴ, കട്ടപ്പന നഗരസഭകൾ ഉൾപ്പെടെ 37 തദ്ദേശ സ്ഥാപനങ്ങളിൽ ഭാഗിക ലോക്ഡൗൺ തുടരുകയാണ്. 16 തദ്ദേശ സ്ഥാപനങ്ങൾ സാധാരണ ഗതിയിലേക്കു മടങ്ങുകയും ചെയ്തു.
എന്നാൽ, ഇളവുകൾ ദുരുപയോഗം ചെയ്താൽ നിയന്ത്രണങ്ങൾ വീണ്ടും കടുപ്പിക്കേണ്ടി വരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. ടിപിആർ 8 ൽ താഴെ എന്നതു പോലും സുരക്ഷിത അവസ്ഥയല്ല. ടിപിആർ പൂജ്യത്തിൽ എത്തിയാലും പ്രതിരോധ നടപടികളിൽ അലംഭാവം പാടില്ലെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.
23 നാണ് ടിപിആർ അടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങളിൽ പുനരാലോചന നടത്തുക. തദ്ദേശഭരണ പ്രദേശങ്ങളുടെ 7 ദിവസത്തെ ശരാശരി വ്യാപനത്തോത് അവലോകനം ചെയ്ത് ഓരോ പ്രദേശവും ഏതു വിഭാഗത്തിൽ ഉൾപ്പെടുന്നുവെന്നു പരസ്യപ്പെടുത്തും. അതനുസരിച്ചായിരിക്കും ലോക്ഡൗൺ നിയന്ത്രണം നടപ്പാക്കുക.