തണ്ണീർകൊമ്പൻ ചരിഞ്ഞ സംഭവം; ഉന്നത സമിതി രൂപീകരിച്ച് സർക്കാർ


വയനാട് മാനന്തവാടിയിൽ ഇന്നലെ മയക്കുവെടിയേറ്റ തണ്ണീർകൊമ്പൻ ചരിഞ്ഞ സംഭവത്തിൽ ഉന്നത സമിതി രൂപീകരിച്ച് സർക്കാർ. ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കെ.വിജയാനന്ദൻ അധ്യക്ഷനായ വിദഗ്ധ സിമിതിയെയാണ് രൂപീകരിച്ചിരിക്കുന്നത്. ഇൻസ്‌പെക്ഷൻ ആന്റ് ഇവാല്യുവേഷൻ- ഫോറസ്റ്റ് കൺസർവേറ്റർ നീതുലക്ഷ്മി, അസിസ്റ്റന്റ് വെറ്റിറനറി ഓഫിസർ ഡോ.ആർ രാജ്, വന്യ ജീവി വനം സംരക്ഷണ എൻജിഒ പ്രവർത്തകൻ ഡോ.റോഷ്‌നാഥ് രമേഷ്, നിയമവിദഗ്ധൻ എൽ നമശ്ശിവായൻ എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങൾ.
അതേസമയം, തണ്ണീർകൊമ്പന്റെ പോസ്റ്റുമോർട്ടം പൂർത്തിയായി. മരണകാരണം ഹൃദയാഘാതമെന്ന് പ്രാഥമിക റിപ്പോർട്ട്. വാഹനത്തിൽ നിന്ന് കെട്ടഴിക്കുമ്പോഴാണ് തണ്ണീർകൊമ്പൻ ചരിഞ്ഞത്. ശരീരത്തിലെ മുഴ പഴുത്തിരുന്നു. ഞരമ്പുകളിൽ കൊഴുപ്പ് അടിഞ്ഞിരുന്നെന്നും വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥർ. താങ്ങാനാകാത്ത സമ്മർദം ഹൃദയഘാതത്തിലേക്ക് നയിച്ചെന്ന് വനംവകുപ്പ് പറയുന്നു.
തണ്ണീർ കൊമ്പന്റെ ശ്വാസകോശത്തിൽ ടിബി ഉണ്ടായിരുന്നതായി ഡോ.അജേഷ് മോഹൻദാസ് പറഞ്ഞു. ഇത് തുടയിലുണ്ടായിരുന്ന ആഴത്തിലുള്ള മുറിവ് ഒരു മാസത്തിലധികം പഴക്കമുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. തുടയിലെ പഴുപ്പ് ഒരു ലിറ്ററോളം പുറത്തെടുത്തു. അണുബാധ കനത്ത രീതിയിലുണ്ടായിരുന്നെന്ന് പ്രാഥമിക റിപ്പോർട്ട്. ലിംഗത്തിൽ മുറിവുണ്ടായിരുന്നെന്നും ഞരമ്പിൽ അമിതമായി കൊഴുപ്പടിഞ്ഞിരുന്നെന്നും റിപ്പോർട്ടിലുണ്ട്.
ഇന്നലെ വൈകിട്ട് അഞ്ചരയോടെ മയക്കുവെടി വച്ച ആനയെ രാത്രി പത്തരയോടെയാണ് ലോറിയിൽ കയറ്റി കൊണ്ടുപോയത്. ആനയെ അർധരാത്രിയോടെ ബന്ദിപ്പുർ രാമപുര ക്യാമ്പിൽ എത്തിച്ചശേഷം വനത്തിൽ തുറന്നുവിടാൻ ശ്രമിക്കവേ ലോറിയിൽ കുഴഞ്ഞുവീണെന്നാണ് വിവരം.