ഇടമലക്കുടി ഇന്ന് വായിക്കും, എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ
മൂന്നാർ : ഈ വർഷത്തെ വായനദിനത്തിലും വായനവാരത്തിലും രാഷ്ട്രപിതാവിനെ ഓർമിക്കുന്ന വേറിട്ട പരിപാടികളുമായി ഇടമലക്കുടിയിലെ ട്രൈബൽ സ്കൂൾ അധ്യാപകർ.
വായനദിനമായ ശനിയാഴ്ച സ്കൂളിൽ നടക്കുന്ന ചടങ്ങിൽ പൂർവ വിദ്യാർഥികളെയും അവരുടെ രക്ഷിതാക്കളെയും നിലവിലെ വിദ്യാർഥികളുടെ രക്ഷിതാക്കളെയുമാണ് ക്ഷണിച്ചിട്ടുള്ളത്.
മഹാത്മാഗാന്ധിയുടെ ആത്മകഥയായ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ പൂർവ വിദ്യാർഥികളും കുടിയിൽനിന്നുള്ള അധ്യാപകരും ചേർന്ന് ശൃംഖലയായി വായിച്ചുകേൾപ്പിക്കും. ആത്മകഥ, കുടിയിലെ രക്ഷിതാക്കളെയും കുട്ടികളെയും ഒരു ദിവസം കൊണ്ടുതന്നെ വായിച്ചുകേൾപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്. തിങ്കളാഴ്ച മുതൽ ക്ലാസിലെത്തുന്ന കുട്ടികളെകൊണ്ടും ഒരാഴ്ചകൊണ്ട് സമാന രീതിയിൽ ആത്മകഥ വായിപ്പിക്കും.
പ്രഥമാധ്യാപകർ പി.എസ്.വാസുദേവൻ പിള്ള, അധ്യാപകരായ അർജുൻ കെ.ആനന്ദ്, ചന്ദ്രവർണർ, വ്യാസ് എന്നിവരുടെ നേതൃത്വത്തിലാണ് വായനദിനത്തിലും വായനവാരാചരണത്തിനുമുള്ള പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്.
വായനദിന വാരാചരണത്തോടുനുബന്ധിച്ച് സ്കൂളിന് സമീപത്തായി കുട്ടികൾക്കായി വായനപ്പുരയും അധ്യാപകർ ഒരുക്കിയിട്ടുണ്ട്.