സ്വകാര്യ ബസുകൾക്കു സർവീസ് നടത്താൻ അനുമതി ?; ജില്ലയിൽ 16 സ്വകാര്യ ബസുകൾ മാത്രമാണ് ഇന്നലെ സർവീസ് നടത്തിയത്
കട്ടപ്പന മേഖലയിൽ 6, അടിമാലിയിൽ 7, തൊടുപുഴയിൽ 3 എന്നിങ്ങനെ ചുരുക്കം ചില ബസുകൾ മാത്രമാണ് ഓടിയത്
ഒറ്റ, ഇരട്ട അക്ക നമ്പർ അടിസ്ഥാനത്തിൽ സ്വകാര്യ ബസുകൾക്കു സർവീസ് നടത്താൻ അനുമതി ലഭിച്ചെങ്കിലും ഇന്നലെ നിരത്തിലിറങ്ങിയത് നാമമാത്രമായ ബസുകൾ മാത്രം. ജില്ലയിൽ 16 സ്വകാര്യ ബസുകൾ മാത്രമാണ് ഇന്നലെ സർവീസ് നടത്തിയത്. പല റൂട്ടുകളിലും ഒരു സ്വകാര്യബസ് പോലും ഓടിയില്ല. ഇതുമൂലം ജോലിക്കാർ ഉൾപ്പെടെയുള്ള യാത്രക്കാർ വലഞ്ഞു. റജിസ്ട്രേഷൻ നമ്പർ ഒറ്റ അക്കത്തിൽ അവസാനിക്കുന്ന ബസുകൾക്കാണ് ഇന്നലെ സർവീസ് നടത്താൻ അനുമതിയുണ്ടായിരുന്നത്.
എന്നാൽ ഒറ്റ അക്ക നമ്പർ ബസുകൾ മിക്കതും ഇന്നലെ സർവീസ് നടത്തിയില്ല. കട്ടപ്പന മേഖലയിൽ 6, അടിമാലിയിൽ 7, തൊടുപുഴയിൽ 3 എന്നിങ്ങനെ ചുരുക്കം ചില ബസുകൾ മാത്രമാണ് ഓടിയത്. പല റൂട്ടുകളിലും കെഎസ്ആർടിസി ബസുകൾ ആയിരുന്നു യാത്രക്കാർക്ക് ആശ്രയം. അതേസമയം, ഇപ്പോഴുള്ള ഒറ്റ–ഇരട്ട ക്രമീകരണം പ്രായോഗികമല്ലെന്നു ബസുടമകളും ജീവനക്കാരും പറയുന്നു. ഇതു യാത്രക്കാരെ വലയ്ക്കുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. അടുത്ത തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ഇരട്ട അക്ക നമ്പർ ബസുകൾക്കും ചൊവ്വ, വ്യാഴം ദിവസങ്ങളിൽ ഒറ്റ അക്ക നമ്പർ ബസുകൾക്കും സർവീസ് നടത്താനാണ് അനുമതി.
ചില റൂട്ടുകളിൽ സർവീസ് നടത്തുന്നതിലേറെയും ഒറ്റ അക്ക നമ്പർ ബസുകളാണ്. ചില റൂട്ടുകളിൽ നേരെ തിരിച്ചും. അതിനാൽ ക്രമീകരണം പ്രായോഗികമല്ല. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്, എല്ലാ സ്വകാര്യ ബസുകൾക്കും സർവീസ് നടത്താൻ അനുമതി നൽകണം. കോവിഡും ഇന്ധന വിലവർധനയും മൂലം ഏറെ പ്രതിസന്ധിയിലാണ് സ്വകാര്യ ബസ് മേഖല. തൂഫാൻ തോമസ് ( ഇടുക്കി ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രസിഡന്റ്)