പെൺസുഹൃത്തിനോട് സംസാരിച്ചത് ചോദ്യം ചെയ്ത് അഞ്ചംഗസംഘം; 2 വിദ്യാർഥികളെ കെട്ടിയിട്ടു മർദിച്ചു
കുമളി ∙ പെൺസുഹൃത്തിനോടു സംസാരിച്ചതിന് വിദ്യാർഥികളെ കെട്ടിയിട്ട് മർദിച്ചു. വ്യാഴാഴ്ച വൈകിട്ട് കുമളി റോസാപ്പൂക്കണ്ടത്താണ് സംഭവം. പെൺസുഹൃത്തിനോട് സംസാരിച്ചത് ചോദ്യം ചെയ്ത് അഞ്ചംഗസംഘം പതിനാറും പതിനേഴും വയസ്സുള്ള 2 വിദ്യാർഥികളെയാണ് കെട്ടിയിട്ട് മർദിക്കുകയും, പണം ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തുകയും ചെയ്തത്. കുട്ടികളുടെ വസ്ത്രങ്ങൾ ഉപയോഗിച്ച് അവരുടെ കൈകൾ കൂട്ടിക്കെട്ടിയിട്ട് കമ്പിവടിയും ബീയർ കുപ്പികളും ഉപയോഗിച്ചായിരുന്നു മർദനം.
മർദനത്തിൽ മുഖത്തും പുറത്തും പരുക്കേറ്റ ഇരുവരും കുമളി കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. മദ്യലഹരിയിലായിരുന്ന അഞ്ചംഗ സംഘം ബീയർ കുപ്പി പൊട്ടിച്ചു കഴുത്തിൽ കുത്തിപ്പിടിച്ചു ഭീഷണി മുഴക്കി പണം ആവശ്യപ്പെട്ടെന്നും ഇവരെ കണ്ടാലറിയാമെന്നും കുട്ടികൾ പറഞ്ഞു. കഞ്ചാവ് വിൽപനയും ഉപയോഗവും ഈ പ്രദേശത്ത് പതിവാണെന്ന് നാട്ടുകാർ പറയുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തു.