പാചകവാതകമില്ല, കോർപ്പറേഷനിലെ കുടിവെള്ള പ്രതിസന്ധിയും; തിരുവനന്തപുരത്തെ CET കോളേജ് താൽക്കാലികമായി അടച്ചു

പാചകവാതക പ്രതിസന്ധിക്കും കോർപ്പറേഷനിലെ കുടിവെള്ളം മുടങ്ങിയതിനും പിന്നാലെ തിരുവനന്തപുരത്തെ സിഇടി എൻജിനിയറിങ് കോളേജ് താൽക്കാലിമായി അടച്ചു. ഇന്നു മുതൽ 19ാം തീയതി വരെയാണ് അധികൃതർ കോളേജിന് അവധി നൽകിയത്. വൈസ് ചാൻസലറുടെ നിർദ്ദേശപ്രകാരമാണ് അവധി. ഭക്ഷണവും വെള്ളവുമില്ലാതെ കഴിഞ്ഞ ദിവസങ്ങളിൽ വിദ്യാർത്ഥികൾ ബുദ്ധിമുട്ടിയിരുന്നു.
കോളേജിലെ ഔദ്യോഗികമായി പ്രവർത്തിക്കുന്ന ഹോസ്റ്റലിൽ എൽപിജി കഴിഞ്ഞ ദിവസം തീർന്നിരുന്നു. പുറത്ത് സ്വകാര്യ ഹോസ്റ്റലുകളിൽ നിരവധി വിദ്യാർത്ഥികൾ താമസിച്ച് പഠിക്കുന്നുണ്ട്. ഇവിടങ്ങളിലും പ്രതിസന്ധി രൂക്ഷമാണ്. പൈപ്പ് ലൈൻ ചോർച്ചയെ തുടർന്ന് ശ്രീകാര്യം, ഉള്ളൂർ മേഖലകളിൽ നാല് ദിവസം കുടിവെള്ളം തടസ്സപ്പെട്ടതും പ്രതിസന്ധി രൂക്ഷമാക്കി. കഴക്കൂട്ടം, ചന്തവിള, കാട്ടായിക്കോണം, ശ്രീകാര്യം, ചെറുവക്കൽ, ചെല്ലമംഗലം, ചെമ്പഴന്തി, പൗഡിക്കോണം, ഞാണ്ടുക്കോണം, സൈനിക് സ്‌കൂൾ, ചെങ്കോട്ടുകോണം, കാര്യവട്ടം, പാങ്ങപ്പാറ, പള്ളിത്തുറ, ആറ്റിപ്ര, പൗണ്ട്കടവ്, ആക്കുളം, കുളത്തൂർ,അലത്തറ, കുഴിവിള, കേശവദാസപുരം, ഇടവക്കോട്,പട്ടം ഉള്ളൂർ, മുട്ടട വാർഡുകളിലാണ് ജലവിതരണം മുടങ്ങിയത്.
ആദ്യഘട്ടത്തിൽ കോളേജ് അടക്കാൻ അധികൃതർ വിസമ്മതിച്ചെങ്കിലും വിദ്യാർത്ഥി യൂണിയൻ ഭാരവാഹികൾ വൈസ് ചാൻസറെ കാര്യങ്ങൾ ബോധിപ്പിച്ചു. ഇതോടെയാണ് 19 വരെ കോളെജ് അടച്ചിടുകയാണെന്ന് പ്രിൻസിപ്പൽ അറിയിച്ചത്. കോളേജിലെ ചില പരീക്ഷകൾ മാറ്റിവെച്ചിട്ടുണ്ട്. പ്രോജക്ട് പ്രസന്റേഷൻ, സെമസ്റ്റർ വാല്യുവേഷൻ, ഇന്റേണൽ എക്‌സാം എന്നിവയെല്ലാം തന്നെ പുനഃക്രമീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം പ്രശ്നം 19ാം തീയതിക്കുള്ളിൽ പരിഹരിക്കാൻ കഴിയുമോ എന്ന ആശങ്കയും ഈ ഘട്ടത്തിൽ ഉയരുന്നുണ്ട്.
അതേസമയം പാചകവാതക പ്രതിസന്ധിയെ തുടർന്ന് തിരുവനന്തപുരം എസ്എടി ആശുപത്രിയിലെ കാന്‍റീൻ അടച്ചു. രണ്ടുദിവസമായി കാന്‍റീൻ പ്രവർത്തിക്കുന്നില്ല. ജ്യൂസുകൾ മാത്രമാണ് ഇവിടെനിന്ന് ലഭിക്കുന്നത്. ഇതോടെ രോഗികളും കൂട്ടിരിപ്പുകാരും ദുരിതത്തിലായി. കുഞ്ഞുങ്ങൾക്ക് കൊടുക്കാൻ ചൂടുവെള്ളം പോലും കിട്ടുന്നില്ലെന്നാണ് കൂട്ടിരിപ്പുകാരുടെ പരാതി. പുറത്തുള്ള കാന്‍റീനിൽ തിരക്കുകാരണം ഭക്ഷണം കിട്ടുന്നില്ല. മറ്റു ഹോട്ടലുകളിൽ ഇരട്ടി വില ഭക്ഷണത്തിന് ഈടാക്കുന്നു എന്നും പരാതിയുണ്ട്. പശ്ചിമേഷ്യൻ സംഘർഷത്തിന് പിന്നാലെ രാജ്യത്തുണ്ടായ പാചകവാതക പ്രതിസന്ധി തുടരുകയാണ്. മിക്ക ഹോട്ടലുകളും അടച്ചുപൂട്ടുന്ന അവസ്ഥയിലാണ്.













































































