തിരുപ്പൂരിൽ മാധ്യമ പ്രവർത്തകനെ ആക്രമിച്ചതിൽ തേനി ജില്ലാ പ്രസ് ക്ലബ് പ്രതിഷേധിച്ചു


തേനി (തമിഴ്നാട്): തിരുപ്പൂരിൽ മാധ്യമപ്രവർത്തകനെ ആക്രമിച്ച സംഭവത്തിൽ തേനി ജില്ലാ പ്രസ് ക്ലബ് പ്രതിക്ഷേധിച്ചു.തമിഴ് ചാനലായ ന്യൂസ് 7 ലേഖകൻ നേസപ്രഭുവിനെ ഇന്നലെ അഞ്ജാത സംഘം ഓടിച്ചിട്ട് വടിവാൾ ഉപയോഗിച്ച് വെട്ടി പരിക്കേൽപ്പിച്ച വാർത്ത എല്ലാ മാധ്യമപ്രവർത്തകരിലും പൊതുജനങ്ങളിലും വലിയ ഭീതി സൃഷ്ടിച്ചിരിക്കുകയാണ്.ബിവറേജസ് ഔട്ട്ലെറ്റുകളിലെയും ബാറുകളിലെയും ക്രമക്കേടുകൾ സംബന്ധിച്ച് നേസപ്രഭു റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ തുടർന്ന് ഒമ്പത് ബാറുകൾ പൂട്ടുന്നതിന് സർക്കാർ ഉത്തരവിറക്കിയിരുന്നു.
മുമ്പ് പൊലീസ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ടത് കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട മുൻവൈരാഗ്യമാകാം അക്രമണത്തിന് പിന്നിലെന്നാണ് സംശയം. ലോകത്തോട് സത്യം പറയുന്ന മാധ്യമപ്രവർത്തകർക്ക് നേരെ ആക്രമണം നടക്കുന്നിടത്തേക്ക് മാധ്യമസ്വാതന്ത്ര്യം പാതാളത്തിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്.
തനിക്കെതിരെ ആക്രമണത്തിന് സാധ്യതയുണ്ടെന്ന് നേസപ്രഭു പലതവണ പൊലീസിനോട് പറഞ്ഞിട്ടുണ്ട്.അക്രമി സംഘം വളഞ്ഞപ്പോഴും അദ്ദേഹം സഹായത്തിനായി പൊലീസിനെ വിളിച്ചിരുന്നു. പോലീസിന്റെ നിരുത്തരവാദിത്തം മൂലമാണ് മാധ്യമപ്രവർത്തകന് നേരെ ആക്രമണമുണ്ടായത്.
പ്രതികളെ ഉടൻ അറസ്റ്റ് ചെയ്ത് മാതൃകാപരമായി ശിക്ഷിക്കണം. തമിഴ്‌നാട്ടിലെമ്പാടുമുള്ള മാധ്യമപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ നടപടികൾ വേഗത്തിലാക്കണമെന്ന് പ്രസ് ക്ലബ് പ്രസിഡൻ്റ് ആണ്ടവർ സെൽവകുമാർ സെക്രട്ടറി കെ.രാധാകൃഷണൻ എന്നിവർ ആവശ്യപ്പെട്ടു.