വേനലില്‍ മധുരം നുണയാം, പാഷൻ ഫ്രൂട്ടിന് വൻ ഡിമാൻഡ്


വേനല്‍ കനത്തതോടെ മറയൂരിലെ പാഷൻ ഫ്രൂട്ടിന് വൻ ഡിമാൻഡ്. കോട്ടയം, എറണാകുളം, ആലുവ ഭാഗത്ത് നിന്നുള്ള ചെറുകിട വ്യാപാരികളും പള്‍പ്പ്, സിറപ്പ് നിർമാതാക്കളുമാണ് പാഷൻ ഫ്രൂട്ടിന്റെ പ്രധാന ആവശ്യക്കാർ. ജൂണ്‍, ജൂലായ് മാസങ്ങളില്‍ കിലോയ്ക്ക് 50 മുതല്‍ 80 രൂപയ്ക്ക് വരെയാണ് കർഷകരില്‍ നിന്ന് വ്യാപാരികള്‍ ശേഖരിച്ചിരുന്നത്. ഇപ്പോള്‍ കിലോയ്ക്ക് 100 മുതല്‍ 120 രൂപ വരെ കിട്ടുന്നുണ്ട്. ഉത്പാദനം കുറഞ്ഞതും ചൂട് കൂടിയതോടെ ആവശ്യക്കാരേറിയതും വില കുത്തനെ ഉയരാൻ കാരണമായി. കാണാൻ ആകർഷകമായ ചുവപ്പ്, റോസ് നിറങ്ങളിലുള്ള ഹൈബ്രിഡ് പാഷൻ ഫ്രൂട്ടും മഞ്ഞ നിറമുള്ള നാടൻ പാഷൻ ഫ്രൂട്ടും വിപണിയിലെത്തുന്നുണ്ട്. കാണാൻ ആകർഷകമായതിനാലും വലിപ്പം കൂടുതലായതുകൊണ്ടും ഹൈബ്രിഡ് ഇനത്തിനാണ് ചെറുകിട വിപണിയില്‍ ആവശ്യക്കാർ കൂടുതല്‍. എന്നാല്‍ ഉള്ളിലെ പള്‍പ്പിന് നിറവും മണവും നാടൻ ഇനത്തിനാണ്. പള്‍പ്പും സിറപ്പും നിർമ്മിക്കുന്നവർക്കും മഞ്ഞ നിറമുള്ള നാടൻ പാഷൻ ഫ്രൂട്ടാണ് ഇഷ്ടം. നാടൻ ഹൈബ്രിഡ് പാഷൻ ഫ്രൂട്ട് ഇനങ്ങള്‍ അഭ്യന്തര വിപണി കൈയ്യടക്കുമ്ബോള്‍ കയറ്റുമതിക്കാർ ഹൈറേഞ്ചില്‍ തേടുന്നത് കാന്തല്ലൂർ പാഷൻ ഫ്രൂട്ടാണ്. മധുരമാണ് ഇതിനെ വ്യത്യസ്തമാക്കുന്നത്. പ്രത്യേക പരിപാലനം കൂടാതെ വേലികളിലും മറ്റും പടർന്ന് വളർന്ന് മികച്ച ഉത്പാദനവും വിലയും ലഭിക്കുന്ന ഫാഷൻ ഫ്രൂട്ട് വ്യാപകമായി കൃഷിചയ്യുന്നതിലൂടെ കർഷകന് പുത്തൻ വരുമാന മാർഗങ്ങളും വഴികളുമാണ് തുറന്നുകിട്ടുന്നത്.
അഞ്ചുനാട്
നല്ല വിളനിലം
കുറഞ്ഞ സ്ഥലത്ത് വേലി, മതില്‍, ചെറുമരങ്ങള്‍, പന്തല്‍ തുടങ്ങിയവയില്‍ പടർത്തി വളർത്തിയെടുക്കാവുന്ന ഫാഷൻ ഫ്രൂട്ട് അഞ്ചുനാട് മേഖലകളിലെ കാലവസ്ഥയില്‍ നന്നായി വളരാറുണ്ട്. വളർച്ചയ്ക്ക് അനുയോജ്യ ഘടകങ്ങളായ തണുപ്പള്ള കാലവസ്ഥയും നീർവാർച്ചയുള്ള പശുമരാശി മണ്ണുമാണ് പ്രധാന കാരണം. കീടരോഗബാധ കുറവാണ് എന്നുള്ളതും കർഷകന്റെ ചെലവ് കുറയ്ക്കും. നട്ട് ഒമ്ബതാം മാസം മുതല്‍ കായ്ച്ച് തുടങ്ങുന്ന പാഷൻ ഫ്രൂട്ട് വർഷത്തില്‍ ആറ് മാസം വിളവെടുക്കാം. ചെറിയ സുഗന്ധവും ഉണ്ടാവും. വളപ്രയോഗമോ കീടനാശിനികളോ ഇല്ലാതെ വളരുന്ന ഇവ പ്രദേശത്ത് എത്തുന്ന സഞ്ചാരികളും വാങ്ങിച്ചു കൂട്ടുക പതിവാണ്.