ഇടുക്കി മെഡിക്കല്‍ കോളജ്: ഇല്ല, ഇല്ല, ഇല്ല… ഡോക്ടര്‍മാര്‍ ഹാജരാകുന്നില്ല


ഇടുക്കി മെഡിക്കല്‍ കോളജില്‍ തുടർച്ചയായി ഡോക്ടർമാർ ഹാജരാകാത്തതിന് ദേശീയ മെഡിക്കല്‍ കമ്മീഷൻ വിശദീകരണം തേടി. കഴിഞ്ഞ മൂന്ന് മാസത്തെ ഹാജർ നില 75 ശതമാനത്തില്‍ താഴെയായതിനെ തുടർന്നാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
ഡോക്ടർമാരെ നിയമിച്ചിട്ടുണ്ടങ്കിലും ഭൂരിപക്ഷം പേരും ഹാജരാകാറില്ലെന്നാണ് വിമർശനം. വേണ്ടത് 120 ഡോക്ടർമാരാണെങ്കിലും ഇടുക്കി മെഡിക്കല്‍ കോളേജില്‍ ഒരു മാസം മുമ്ബ് 50 ഡോക്ടർമാരെക്കൂടി നിയമിച്ചതോടെ എണ്ണം 150 ആയി. പക്ഷെ ഡ്യൂട്ടിയിലുള്ളത് ദിവസവും ശരാശരി 50 ല്‍ താഴെ ഡോക്ടർമാർ മാത്രം.
ചാർജെടുക്കുന്ന ഡോക്ടർമാർ പലരും അവധിയെടുത്ത് മുങ്ങുകയാണ് പതിവ്. ഇടുക്കി ജില്ലാ ആശുപത്രി മെഡിക്കല്‍ കോളജ് എന്ന ലേബല്‍ നേടിയിട്ട് ഒരു പതിറ്റാണ്ടാകുമ്ബോഴും പരിമിതികള്‍ തുടരുകയാണ്.
അത്യാസന്ന നിലയിലെത്തുന്ന ഒരു രോഗിക്ക് പോലും ഇവിടെ ചികിത്സ ലഭ്യമല്ല. കോട്ടയം മെഡിക്കല്‍ കോളജിലേക്ക് പറഞ്ഞയക്കുകയാണ് പതിവ്. ജില്ല ആശുപത്രി ആയിരുന്നപ്പോള്‍ ലഭിച്ചിരുന്ന സേവനങ്ങളും, ചികിത്സ സൗകര്യങ്ങളും ഇപ്പോഴില്ല.
മെഡിക്കല്‍ കോളജ് അക്കാദമിക് വിഭാഗത്തിലും ചികിത്സ വിഭാഗത്തിലുമായി ആകെ വേണ്ട ഡോക്ടർമാരില്‍ 75 ശതമാനത്തില്‍ താഴെയാണ് ഇപ്പോഴുള്ളത്. മെഡിക്കല്‍ കോളജില്‍ 27 ഡോക്ടർമാരും ചികിത്സാ വിഭാഗത്തില്‍ 24 പേരും ഉള്ളവരില്‍ പലരും അവധിയിലാണ്.
അസ്ഥി രോഗ വിഭാഗം, ശ്വാസ കോശ രോഗ വിഭാഗം, ത്വക് രോഗ വിഭാഗം, റേഡിയോളജി എന്നിവിടങ്ങളില്‍ വല്ലപ്പോഴും ഓരോ ഡോക്ടർമാർ വീതമാണ് എത്തുന്നത്. മറ്റ് ജീവനക്കാരില്‍ ഏറിയ പങ്കും ദിവസ വേതനാടിസ്ഥാനത്തില്‍ ജോലിചെയ്യുന്നവരാണ്. വർക്ക് അറേഞ്ച്മെന്റില്‍ പോയ ഒരു ഡോക്ടർ പോലും തിരികെ എത്തിയിട്ടില്ല. ജീവനക്കാരുടെയും ഡോക്ടർമാരുടെയും കുറവ് നികത്താതെ ഇടുക്കി മെഡിക്കല്‍ കോളജിന്റെ സുഗമമായ പ്രവർത്തനം സാധ്യമല്ലെന്നാണ് ആക്ഷേപം.
ഹൃദ്രോഗ വിഭാഗമില്ല
അടിയന്തിര ചികിത്സ ഏറ്റവും കൂടുതല്‍ ആവശ്യമായി വരുന്ന ഹൃദ്രോഗ വിഭാഗം ഇടുക്കി മെഡിക്കല്‍ കോളജില്‍ ഇനിയും തുടങ്ങിയിട്ടില്ല. ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ബാധിച്ചെത്തുന്ന രോഗികളുടെ എണ്ണം ഇടുക്കിയില്‍ വളരെ കൂടുതലാണ്.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും മണിക്കൂറുകള്‍ സഞ്ചരിച്ച് രോഗികള്‍ ഇടുക്കി മെഡിക്കല്‍ കോളജിലെത്തുമ്ബോഴാണ് ചികിത്സ ഇല്ലെന്നറിയുന്നത്. പിന്നീട് മറ്റ് ജില്ലകളിലെ ആശുപത്രികളിലേക്ക് കൊണ്ടു പോകുമ്ബോള്‍ മാർഗമധ്യേ ജീവൻ ഷ്ടമാകുന്ന സംഭവം വിരളമല്ല. യൂറോളജി, ഓങ്കോളജി, നെഫ്രോളജി, ഹീമറ്റോളജി, തുടങ്ങിയ വിഭാഗങ്ങളും ഇവിടെയില്ല.
വൃക്ക രോഗികള്‍ക്ക് ഡയാലിസിസ് നടത്തുവാനുള്ള സൗകര്യം ഇടുക്കി മെഡിക്കല്‍ കോളജിലുണ്ടെന്ന് പറയുമ്ബോഴും നെഫ്രോളജി ഡോക്ടറുടെ സേവനം ലഭ്യമല്ല. നെഫ്രോളജി വിഭാഗം ഡോക്ടറില്ലാതെ ഡയാലിസിസ് ചികിത്സ നടത്തരുതെന്ന് നിയമമുണ്ടെങ്കിലും ഇവിടെ അതും ബാധകമല്ല. 100 കണക്കിന് രോഗികളാണ് ആഴ്ച തോറും ഡയാലിസിസിന് എത്തുന്നത്. ചികിത്സാ വേളയിലോ തുടർന്നോ രോഗം മൂർച്ഛിച്ചാല്‍ വൈദ്യസഹായം ലഭ്യമാക്കാനും വഴിയില്ല.
മരുന്നില്ല
മൈലുകള്‍ താണ്ടി ഇടുക്കി മെഡിക്കല്‍ കോളേളജില്‍ ചികിത്സ തേടിയെത്തുന്ന പാവപ്പെട്ട രോഗികള്‍ക്ക് ആവശ്യമായ മരുന്നുകള്‍ ആശുപത്രിയില്‍ ലഭ്യമല്ല. കൈയ്യില്‍ പണമില്ലെങ്കില്‍ മരുന്നു കിട്ടാതെ തിരികെ പോകേണ്ട ഗതികേടാണ്. നിലവിലുണ്ടായിരുന്ന മരുന്നുകളുടെ എല്ലാം സ്റ്റോക്ക് തീർന്നു. കൊടുത്ത ഇൻഡെന്റ് പ്രകാരം മരുന്നുകള്‍ ലഭിക്കണമെങ്കില്‍ അടുത്ത ഏപ്രില്‍ കഴിയും.
സർക്കാരിന് പണമില്ലാത്തതിനാല്‍ വീണ്ടും വൈകാൻ സാധ്യതയുണ്ടെന്നാണറിവ്.
സുരക്ഷയില്ല
മെഡിക്കല്‍ കോളജില്‍ രോഗിയുടെ കൂട്ടിരിപ്പുകാരന്റെ മൊബൈല്‍ ഫോണ്‍ മോഷണം പോയത് അടുത്തിടെയാണ്. രോഗികള്‍ക്കൊപ്പം എത്തുന്ന സ്ത്രീകള്‍ക്കും കൂട്ടിരിപ്പുകാർക്കും സുരക്ഷയൊരുക്കുന്നതിലും വൻ വീഴ്ചയുണ്ട്. ആയിരക്കണക്കിന് രോഗികള്‍ എത്തുന്ന ആശുപത്രിയില്‍ സുരക്ഷാ ജീവനക്കാരുടെ എണ്ണം കുറവാണ്.
200 മെഡിസിൻ വിദ്യാർഥികളും 60 നഴ്സിങ് വിദ്യാർഥികളും പഠിക്കുന്ന ഇടുക്കി മെഡിക്കല്‍ കോളജില്‍ ആവശ്യമായ ഹോസ്റ്റല്‍ സൗകര്യവും, ലാബ് സൗകര്യവും ഇല്ല.
പണി തീർന്ന ആണ്‍ കുട്ടികളുടെ ഹോസ്റ്റലിലാണ് പെണ്‍ കുട്ടികള്‍ താമസിക്കുന്നത്. പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ നിർമാണം പൂർത്തിയായിട്ടില്ല. വിദ്യാധി രാജാ സ്കൂളിലാണ് നഴ്സിങ് വിദ്യാർഥികള്‍ താമസിക്കുന്നത്.