“വജ്രോത്സവം 2024” അരങ്ങേറ്റവും പ്രതിഭ പുരസ്കാര സമർപ്പണവും ജനുവരി 21ന് കട്ടപ്പനയില്‍
കേരള സർക്കാർ സാംസ്കാരിക വകുപ്പ് വജ്ര ജൂബിലി ഫെലോഷിപ്പ് പദ്ധതി പ്രകാരം കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ സൗജന്യ കലാ പരിശീലനം നേടിയവരുടെ അരങ്ങേറ്റവും കലാ,സാംസ്കാരിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർക്കുള്ള പ്രതിഭ പുരസ്കാരവും 2024 ജനുവരി 21 ഞായർ ഉച്ചകഴിഞ്ഞ് 2.30 മുതൽ കട്ടപ്പന ടൗൺഹാളിൽ നടക്കും. കേരള ഫോക് ലോർ അക്കാദമി ചെയർമാനും കവിയും ഗാനരചയിതാവുമായ ഒ.എസ് ഉണ്ണികൃഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എം.റ്റി മനോജ് അധ്യക്ഷത വഹിക്കും. കേരള കലാമണ്ഡലം തെക്കൻ കളരി ഡിപ്പാർട്ട്മെൻ്റ് ഹെഡ് കലാമണ്ഡലം രവികുമാർ അരങ്ങേറ്റ സന്ദേശം നൽകും. സാംസ്കാരിക വകുപ്പ് ജില്ലാ കോഡിനേറ്റർ എസ്.സൂര്യലാൽ പദ്ധതി വിശദീകരണം നടത്തും.
കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ഷൈനി സണ്ണി ചെറിയാൻ, സി.പി.ഐ.എം കട്ടപ്പന ഏരിയ സെക്രട്ടറി വി.ആർ സജി,ദർശന പ്രസിഡൻ്റ് ഇ.ജെ ജോസഫ്, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് സിജു ചക്കുംമൂട്ടിൽ, നഗരസഭ കൗൺസിലർ സോണിയ ജെയ്ബി, ഉല്ലാസ് കലാമണ്ഡലം, രാഹുൽ കൊച്ചാപ്പി, മനോജ് പുത്തൂർ, വിപിൻ വിജയൻ, ജെയ്ബി ജോസഫ് എന്നിവർ സംസാരിക്കും. ചടങ്ങിൽ കലാ,സാംസ്കാരിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ പ്രതിഭ പുരസ്കാരം നൽകി ആദരിക്കും. തുടർന്ന് ചെണ്ട,കർണാടക സംഗീതം, കഥകളി എന്നിവയുടെ അരങ്ങേറ്റവും നടക്കും. കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ കലാമണ്ഡലം ശരത്, കലാമണ്ഡലം ഹരിത, ഡോ.ബോബിൻ.കെ.രാജു എന്നിവർ പരിശീലിപ്പിച്ച നൂറോളം കലാപ്രതിഭകളാണ് ചടങ്ങിൽ അരങ്ങേറ്റം കുറിക്കുന്നത്.