പൂപ്പാറയിൽ രണ്ടര വയസുകാരന്റെ മരണം; മിത്രൻ ഒഴുക്കിൽപെട്ടത് അമ്മയുടെ വീട്ടിൽ എത്തിയപ്പോൾ
തമിഴ്നാട് തേനി സ്വദേശികളായ കണ്ണൻ- ഭുവനേശ്വരി ദമ്പതികളുടെ മകൻ മിത്രനാണ് പൂപ്പാറയിൽ ഒഴുക്കിൽപെട്ട് മരിച്ചത്. ഭുവനേശ്വരിയുടെ പൂപ്പാറ മൂലത്തറയിലെ വീട്ടിൽ എത്തിയതായിരുന്നു കുടുംബം. ഇവരുടെ വീടിന് പിൻവശത്തുകൂടി ഒഴുകുന്ന പന്നിയാർ പുഴയിലാണ് കുട്ടി അകപ്പെട്ടത്. മൂത്ത സഹോദരനൊപ്പം കളിയ്ക്കുന്നതിനിടെ കുട്ടി ഒഴുക്കിൽ പെടുകയായിരുന്നു. മിത്രൻ പുഴയിൽ ഇറങ്ങിയ വിവരം അമ്മയോട് പറയാൻ മൂത്ത സഹോദരൻ ലളിത് കുമാർ വീട്ടിലേക്ക് പോയി.ഭുവനേശ്വരി എത്തിയപ്പോഴേക്കും കുട്ടിയെ ഒഴുക്കിൽ പെട്ട് കാണാതായി. ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല. ഇവരുടെ വീടിന് 50 മീറ്റർ അകലെ പുഴയിലുള്ള കലുങ്കിനടിയിലെ മരക്കുറ്റിയിൽ തങ്ങിയ നിലയിലാണ് മിത്രനെ കണ്ടെത്തിയത്. ഉടൻ തന്നെ രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.