സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്


സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് ഇടുക്കി , മലപ്പുറം ജില്ലകളിൽ യെല്ലോ പ്രഖ്യാപിച്ചിരുന്നു. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ ഉണ്ടായേക്കും എന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാനാണ് സാധ്യത. ലക്ഷദ്വീപിനു മുകളിലെ ചക്രവാതച്ചുഴിയാണ് മഴയ്ക്ക് കാരണം.ഇതിന്റെ ഭാഗമായാണ് അടുത്ത 4-5 ദിവസം കേരളത്തില്‍ മിതമായ / ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പില്‍ പറയുന്നു.
ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയപ്പ് നൽകുന്നുണ്ട്. അതേസമയം മഴയ്ക്കൊപ്പം ഇടിമിന്നലിനും 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
കേരള തമിഴ്നാട് തീരത്ത് ഉയർന്ന തിരമാല ജാഗ്രതയും കടലാക്രമണ സാധ്യതയും നിലനിൽക്കുന്നുണ്ട്. എന്നാൽ മത്സ്യബന്ധനത്തിന് തടസ്സമില്ല. അറബിക്കടലിൽ ചക്രവാതച്ചുഴിയുടെയും, ലക്ഷദ്വീപ് മുതൽ വടക്കൻ കൊങ്കൺ വരെ നിലനിൽക്കുന്ന ന്യൂനമർദ്ദ പാത്തിയുടേയും സ്വാധീന ഫലമായാണ് സംസ്ഥാനത്ത് മഴ തുടരുന്നത്.