ഉദ്യോഗസ്ഥർക്ക് കോവിഡ്; ഇടമലക്കുടി പഞ്ചായത്ത് ഓഫിസ് അടച്ച് പൂട്ടി;ഉദ്യോഗസ്ഥർ അടുത്തയിടെയൊന്നും ഇടമലക്കുടിയിൽ പോയിട്ടില്ല
മൂന്നാർ ∙ കോവിഡ് ഇപ്പോഴും പടിക്ക് പുറത്താണെങ്കിലും ഉദ്യോഗസ്ഥർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇടമലക്കുടി പഞ്ചായത്ത് ഓഫിസ് അടച്ച് പൂട്ടി. മൂന്നാറിൽ നിന്നു 40 കിലോമീറ്റർ ദൂരെ വനാന്തരത്തിൽ സ്ഥിതി ചെയ്യുന്ന ഇടമലക്കുടി പട്ടികവർഗ പഞ്ചായത്തിന്റെ ഓഫിസ് ഭരണ സൗകര്യാർഥം ദേവികുളത്താണ് പ്രവർത്തിക്കുന്നത്. സെക്രട്ടറി ഉൾപ്പെടെ 13 ഉദ്യോഗസ്ഥരാണ് ഈ ഓഫിസിൽ ഉള്ളത്.
സംസ്ഥാനത്ത് ലോക്‌ഡൗൺ പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ പകർച്ചവ്യാധി തങ്ങളുടെ ഉൗരുകളിൽ എത്തുന്നത് തടയാൻ ഇടമലക്കുടിക്കാർ തങ്ങളുടെ ഉൗരുകളിൽ സ്വയം പ്രഖ്യാപിത ലോക്‌ഡൗൺ നടപ്പാക്കിയിരുന്നു. പുറത്തു നിന്ന് ആർക്കും പഞ്ചായത്ത് അതിർത്തി കടന്ന് എത്താൻ അനുവാദമില്ല. അടിയന്തിര കാര്യങ്ങൾക്ക് അല്ലാതെ ഉൗരുനിവാസികൾ പുറത്ത് പോകുന്നതിന് ഉൗരുകൂട്ടം നിശ്ചയിച്ച, ലോക്‌ഡൗണിനു സമാനമായ വിലക്ക് ഇപ്പോഴും നിലനിൽക്കുന്നു.
അതുകൊണ്ട് തന്നെ പഞ്ചായത്ത് ഉദ്യോഗസ്ഥർ അടുത്തയിടെയൊന്നും ഇടമലക്കുടിയിൽ പോയിട്ടില്ല. എന്നാൽ സെക്രട്ടറി ഉൾപ്പെടെ 4 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ പ്രാഥമിക സമ്പർക്ക പട്ടികയിലായ മറ്റു മുഴുവൻ ജീവനക്കാരും ക്വാറന്റീനിൽ പോയി. ഇതോടെയാണ് ഓഫിസ് അടച്ച് പൂട്ടേണ്ടി വന്നത്. ജീവനക്കാരുടെ ക്വാറന്റീൻ പൂർത്തിയായാൽ ഓഫിസ് തുറന്ന് പ്രവർത്തിക്കുമെന്നും ഉൗരുനിവാസികൾക്ക് പഞ്ചായത്ത് ഓഫിസുമായി ബന്ധപ്പെട്ട് അടിയന്തിര ആവശ്യങ്ങൾ വേണ്ടിവന്നാൽ അതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും സെക്രട്ടറി അറിയിച്ചു.