കട്ടപ്പന – തോവാള കൗന്തി വഴി നെടുംകണ്ടത്തേക്ക് ബസ് സർവീസ് ആരംഭിക്കണമെന്ന നാട്ടുകാരുടെ ആവശ്യം യാഥാർഥ്യമായി.സെന്റ് ജോസഫ് ബസാണ് ഇന്നലെ മുതൽ ഈ റൂട്ടിൽ ഓടി തുടങ്ങിയത്

ഹൈറേഞ്ചിൽ ഏറ്റവും അധികം യാത്രാ ക്ലേശം നേരിടുന്നവരാണ് വലിയ തോവാള കൗന്തി,ഇല്ലിപ്പാലം,അഞ്ചുമുക്ക് നിവാസികൾ.സഞ്ചാര യോഗ്യമായ വഴി ലഭിച്ചിട്ട് പത്ത് വർഷങ്ങൾക്ക് മുകളിലായെങ്കിലും ഇത് വഴി യാത്രാ ബസുകൾ സർവ്വീസ് നടത്തുവാൻ തയ്യാറായിരുന്നില്ല.ഈ സാഹചര്യം ഉൾക്കൊണ്ടാണ് സെന്റ് ജോസഫ് ട്രാവൽസ് ഇതുവഴി കട്ടപ്പനയിൽ നിന്നും നെടുംങ്കണ്ടത്തേയ്ക്ക് ഇന്നലെ മുതൽ സർവ്വീസ് തുടങ്ങിയത്.രാവിലെ 7.28 ന് കട്ടപ്പനയിൽ നിന്നുമാണ് ഷട്ടിൽ സർവ്വീസ് ആരംഭിക്കുന്നത്. വൈകിട്ട് 5.10 ന് അവസാന സർവ്വീസ് നെടുംങ്കണ്ടത്ത് നിന്നും തിരികെ പുറപ്പെടും.പുതിയ റൂട്ട് അനുവദിച്ചതോടെ കൗന്തി, അഞ്ചുമുക്ക് ,ഇല്ലിപ്പാലം സ്വദേശികൾ ഹാപ്പിയാണ്.ബസ് ഉടമയ്ക്കും ജീവനക്കാർക്കും ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് സ്വീകരണവും നൽകി. ഈ മേഖലയിലെ സ്കൂൾ വിദ്യാർത്ഥികൾ അടക്കം ഗതാഗത പ്രതിസന്ധി നേരിട്ടിരുന്നു.ബസുകൾ ഇല്ലാതിരുന്നതിനാൽ സഞ്ചാരത്തിന് മാത്രമായി വലിയ തുക നാട്ടുകാർക്ക് മുടക്കേണ്ടി വന്നിരുന്നു.ഇതിനാണ് അൽപമെങ്കിലും പരിഹാരമായത്. കട്ടപ്പനയിൽ നിന്ന് നെടുംങ്കണ്ടത്തേയ്ക്ക് ഏറ്റവും കുറഞ്ഞ ദൈർഘ്യത്തിൽ എത്താൻ കഴിയുന്ന ബസ് റൂട്ട് കൂടിയാണിത്.നത്തു കല്ല് – ഇരട്ടയാർ തോവാള -അഞ്ചുമുക്ക് -കൗന്തി – ഇല്ലിപ്പാലം -ചേമ്പളം -കല്ലാർ വഴിയാണ് ബസ് നെടുംങ്കണ്ടമെത്തുന്നത്.