ജോയ്സിനെ കൊലപ്പെടുത്തി സ്വമ്മിംഗ് പൂളിൽ തള്ളിയതാണെന്ന് സഹോദരന്റെ ആരോപണം;സാമ്പത്തിക ഇടപാടുകൾ കൊലയ്ക്ക് കാരണമായിരിക്കാമെന്നും സഹോദരൻ തങ്കച്ചൻ.പൊലീസിന്റെ അന്വേഷണം നടക്കുന്നത് ഭർതൃ കുടുംബത്തെ കേന്ദ്രീകരിച്ച്

ഇടുക്കി : വാഴവരയിലെ വീട്ടമ്മയുടെ മരണത്തിൽ ആരോപണവുമായി ബന്ധുക്കൾ. ജോയ്സിനെ ഒപ്പം താമസിച്ചിരുന്നവർ കൊലപ്പെടുത്തിയതെന്നാണ് സഹോദരൻ തങ്കച്ചന്റെ ആരോപണം.മരണപ്പെട്ട ജോയ്സ് ( 52 ) ന്റെ ഭർത്താവ് എബ്രഹാമിന് ഇയാളുടെ സഹോദരൻ ഷിബുവുമായി ചില സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നു.ഇക്കാര്യത്തിൽ വിശദ അന്വേഷണം നടത്തണമെന്നും തങ്കച്ചൻ ആവശ്യപ്പെട്ടു.അതേ സമയം തീപ്പൊള്ളലേറ്റാണ് ജോയ്സ് മരണപ്പെട്ടത് എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് .വെളളിയാഴ്ച ഉച്ചയ്ക്കാണ് മോർപ്പാളയിൽ എം.ജെ എബ്രഹാമിന്റെ ഭാര്യ ജോയ്സ്നെ സ്വകാര്യ ഫാമിലെ സ്വിമ്മിംഗ് പൂളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.തീ പൊള്ളലേറ്റ നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്.ശരീരത്തിൽ 76% ശതമാനം തീപ്പൊള്ളലേറ്റതാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുമ്പോഴും വീട്ടമ്മയ്ക്ക് എങ്ങനെ പൊള്ളലേറ്റതെന്നതിലും മൃതദേഹം നീന്തൽക്കുള്ളത്തിൽ എങ്ങനെയെത്തി എന്നതുമാണ് ദുരൂഹമായി തുടരുന്നത്.മകനൊപ്പം വിദേശത്തായിരുന്ന ജോയിസും എബ്രഹാമും രണ്ടരമാസങ്ങൾക്ക് മുൻപാണ് നാട്ടിൽ തിരികെയെത്തിയത്.
ഷിബുവിനൊപ്പം ഫാമുള്ള തറവാട്ട് വീട്ടിലായിരുന്നു തുടർന്ന് താമസം.അതേ സമയം അന്വേഷണം നടക്കുന്നത് കുടുംബത്തെ ചുറ്റിപ്പറ്റിയാണെന്ന് പൊലീസ് പറഞ്ഞു. ഭർതൃസഹോദരനുമായിട്ടുള്ള സാമ്പത്തിക ഇടപാടുകൾ ഉൾപ്പടെ പരിശോധിക്കും. ഇടുക്കി മെഡിക്കൽ കോളേജിലാണ് പോസ്റ്റ്മോർട്ടം നടത്തിയത്.വീടിനുള്ളിൽ നിന്ന് തീപ്പൊള്ളലേറ്റ് സ്വിമ്മിംഗ്പൂൾ വരെ എത്താനുള്ള സാധ്യത ശാസ്ത്രീയമായി പരിശോധിക്കുന്നതിനായി ഫൊറൻസിക് സർജനടക്കം സംഭവ സ്ഥലത്തെത്തിയിരുന്നു. പൊള്ളലേറ്റ് പ്രാണരക്ഷാർത്ഥമോടി നീന്തൽക്കുളത്തിൽ ചാടിയതാണോയെന്നും അന്വേഷണ സംഘം സംശയിക്കുന്നുണ്ട്.സംഭവത്തിൽ എബ്രഹാമിനെയും ഷിബുവിന്റെ ഭാര്യ ഡയാന യേയും പൊലീസ് ചോദ്യം ചെയ്തിരുന്നു. കട്ടപ്പന ഡിവൈ.എസ്പി വി.എ നിഷാദ്മോന്റെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്.