കട്ടപ്പനനഗരസഭാപരിധിയിലെ കച്ചവടക്കാരുടെ വിവിധ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് നല്‍കിയ പരാതികള്‍ നഗരസഭ ഭരണസമിതി അവഗണിച്ചതായി കേരള വ്യാപാരി വ്യവസായി സമിതി.
വാഹനങ്ങളില്‍ കൊണ്ടുനടന്നുള്ള കച്ചവടവും വഴിയോര വ്യാപാരവും തടയണമെന്ന ആവശ്യം നഗരസഭ അവഗണിക്കുകയാണ്. കൂടാതെ, പുതിയ ബസ് സ്റ്റാന്‍ഡ് ടെര്‍മിനലിലെ വ്യാപാര സ്ഥാപനങ്ങളില്‍ കുടിവെള്ളം എത്തിക്കാന്‍ നടപടിയില്ല.
ബേക്കറി, ഹോട്ടല്‍, കൂള്‍ബാള്‍ തുടങ്ങി നിരവധി സ്ഥാപനങ്ങളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. വര്‍ഷങ്ങളായി പണം കൊടുത്താണ് കുടിവെള്ളം വാങ്ങുന്നത്. ഇവിടുത്തെ വ്യാപാരികള്‍ക്കും ജീവനക്കാര്‍ക്കും ശുചിമുറി സൗകര്യവും ഏര്‍പ്പെടുത്തണം.
കട്ടപ്പന മാര്‍ക്കറ്റുകളിലെ റോഡുകള്‍ സഞ്ചാരയോഗ്യമല്ല. മഴ പെയ്യുമ്പോള്‍ ഇവിടെ വെള്ളക്കെട്ട് രൂക്ഷമാണ്.
കോണ്‍ക്രീറ്റ് പൊട്ടിപ്പൊളിഞ്ഞ് കമ്പികള്‍ പുറത്തേയ്ക്ക് തള്ളി നില്‍ക്കുന്നത് വ്യാപാരികള്‍ക്കും മാര്‍ക്കറ്റിലെത്തുന്നവര്‍ക്കും ഭീഷണിയാണ്. വ്യാപാരികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അടിയന്തരമായി പരിഹരിച്ചില്ലെങ്കില്‍ സമരം ആരംഭിക്കുമെന്നും സമിതി അറിയിച്ചു.
തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് കട്ടപ്പനയിലെ ചില സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ കടകളില്‍ അതിക്രമിച്ചുകയറി വ്യാപാരികളെ കൈയേറ്റം ചെയ്തിരുന്നു. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടയില്ലന്നും ഭാരവാഹികൾ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ സമിതി ഏരിയ സെക്രട്ടറി മജീഷ് ജേക്കബ്, ട്രഷറര്‍ പി ജെ കുഞ്ഞുമോന്‍, പി എം ഷെഫീഖ്, എം ജഹാംഗീര്‍ എന്നിവര്‍ പങ്കെടുത്തു.