കാഞ്ചിയാർ പേഴുംകണ്ടത്തെ തേക്ക് പ്ലാന്റേഷനിലേയ്ക്കുള്ള വാഹനങ്ങളുടെ പ്രവേശനം വനം വകുപ്പ് നിരോധിച്ചു. വനമേഖല കേന്ദ്രീകരിച്ച് സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുവെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്നാണ് നടപടി
കാഞ്ചിയാർ പേഴുംകണ്ടത്തെ തേക്ക് പ്ലാന്റേഷനിലേയ്ക്കുള്ള വാഹനങ്ങളുടെ പ്രവേശനം വനം വകുപ്പ് നിരോധിച്ചു. വനമേഖല കേന്ദ്രീകരിച്ച് സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുവെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്നാണ് നടപടി.പ്രവേശനം തടയാൻ മേഖലയിൽ ഇരുമ്പ് വേലികൾ സ്ഥാപിച്ചു തുടങ്ങി. ഇന്ന് രാവിലെയാണ് കാഞ്ചിയാർ ഫോറസ്റ്റ് ഡെപ്യൂട്ടി റെയ്ഞ്ചറുടെ നേതൃത്വത്തിൽ ഇരുമ്പ് വേലികൾ സ്ഥാപിച്ചു തുടങ്ങിയത്.ഇടുക്കി വനമേഖലയുടെ ഭാഗമായ തേക്ക് പ്ലാന്റേഷനിലും സമീപത്തെ വനപ്രദേശങ്ങൾ കേന്ദ്രീകരിച്ചും സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന ഇന്റലിജൻസിന്റെ റിപ്പോർട്ട് പ്രകാരമാണ് നടപടി. സ്വകാര്യ വാഹനങ്ങൾ അകത്തേയ്ക്ക് കടക്കാതിരിക്കുവാനാണ് ഇരുമ്പ് വേലികൾ സ്ഥാപിക്കുന്നത്.തേക്ക് പ്ലാന്റേഷൻ വഴിയാണ് അഞ്ചുരുളി മുനമ്പിലേയ്ക്ക് പോകാനാകുക. ടൂറിസം കേന്ദ്രമായി പ്രാഖ്യാപിച്ചിട്ടില്ലെങ്കിലും ഇവിടേയ്ക്ക് നിരവധി സഞ്ചാരികൾ എത്തുന്നുണ്ട്.എന്നാൽ റിസർവ്വ് വനമായതിനാൽ പ്രവേശനത്തിന് ഔദ്യോഗിക അനുമതിയില്ല.തേക്ക് പ്ലാന്റേഷനുള്ളിലേയ്ക്ക് വാഹനങ്ങൾ കയറ്റി ലഹരി വസ്തുക്കളുടെ ഉപയോഗവും മദ്യപാനവും സ്ഥിരമായി നടക്കുന്നുണ്ടെന്നാണ് വനം വകുപ്പ് പറയുന്നത്. ഉന്നത ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരമാണ് വേലി സ്ഥാപിച്ചതെന്നും കാഞ്ചിയാർ ഫോറസ്റ്റ് ഡെപ്യൂട്ടീ റേഞ്ച് ഓഫീസർ പറഞ്ഞു. ഏതാനും നാളുകൾക്ക് മുൻപ് റിസർവ്വ് വനത്തിലേയ്ക്ക് പ്രവേശനമില്ലെന്ന് കാട്ടി വനം വകുപ്പ് സ്ഥാപിച്ച ബോർഡ് നാട്ടുകാർ എടുത്തുമാറ്റിയിരുന്നു.