കലാകാരൻമാരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ KAF കേരള ആർട്ടിസ്‌റ്റ്സ് ഫ്രെട്ടേർണിറ്റി ഓൺലൈൻ ഫെസ്‌റ്റ് ആരംഭിച്ചു
കട്ടപ്പന: കലാലോകത്തിന്റെ സംഘടനയായ കേരള ആർട്ടിസ്‌റ്റ്സ് ഫ്രെട്ടേർണിറ്റി (കാഫ്) ഓൺലൈൻ ഫെസ്‌റ്റിന് ജൂൺ ഒന്ന് മുതൽ തുടക്കം കുറിച്ചു. കോവിഡ് പ്രതിസന്ധിയിലായ കലാകാരൻമാരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫെസ്‌റ്റ് നടത്തുന്നത്.
‘2019 ഓഗസ്‌റ്റ് മാസത്തിലെ വെള്ളപ്പൊക്ക ദുരന്തം മുതൽ ആരംഭിച്ച കലാകാരൻമാരുടെ പ്രതിസന്ധി കോവിഡ് മഹാമാരികൂടി വരിഞ്ഞു മുറുക്കിയതോടെ തീരാദുരിതത്തിൽ എത്തിയിരിക്കുകയാണ്. അതാത് ദിവസത്തെ ജീവിതത്തിന് പോലും വകയില്ലാത്ത ദരിദ്രജനതയാണ് കലാലോകത്തുള്ള 95% ആളുകളും എന്നതാണ് യാഥാർഥ്യം.ഈ ഓഗസ്‌റ്റ് മാസം വരുന്നതോടെ രണ്ടുകൊല്ലമായി കലാകാരൻമാർക്ക് എന്തെങ്കിലും വരുമാനം ഉണ്ടായിട്ടെന്നത് ഗൗരവത്തോടെ ആലോചിക്കുമ്പോൾ മാത്രമാണ് ഇവരുടെ ദയനീയത നമ്മെ അലട്ടുകയെന്ന് കാഫ് സംസ്‌ഥാന പ്രസിഡൻ്റ് സ്‌റ്റീഫൻ ദേവസി പറഞ്ഞു.
കലാലോകം എന്നുപറയുമ്പോൾ പെട്ടെന്ന് നമ്മുടെ മനസിലേക്ക് എത്തുക 5% താഴെയുള്ള പ്രമുഖരുടെ മുഖങ്ങൾ മാത്രമാണ്. ഓടക്കുഴൽ വായിക്കുന്നവർ മുതൽ സ്‌റ്റേജ് മിമിക്രി ചെയ്‌തും ആർട്ടിസ്‌റ്റുകളുടെ മേക്കപ്പ് നിർവഹിച്ചും ജീവിക്കുന്ന 95 ശതമാനം കലാകാരൻമാരെയും കലാ ലോകവുമായി ബന്ധപ്പെട്ട് ജീവിക്കുന്നവരെയും നാം ഓർക്കാറില്ല എന്നതാണ് സത്യം. യഥാർത്ഥത്തിൽ ഈ മെജോറിറ്റിയാണ് കലയുടെ പ്രകാശവും സൗന്ദര്യവും വേഗവും. പക്ഷെ ഇവരിൽ പലരുടെയും ജീവിതം ബുദ്ധിമുട്ടേറിയതാണ്. നമ്മെ ചിരിപ്പിക്കുന്ന പലരുടെയും യഥാർഥ ജീവിതം വേദനിക്കുന്നതാണ്. പ്രളയവും തുടർന്നുള്ള കോവിഡ് മഹാമാരിയും ഇത് കൂടുതൽ വഷളാക്കി. ഇവരെ സഹായിക്കാനാണ് കാഫ് ‘ഓൺലൈൻ ഫെസ്‌റ്റ്’ നടത്തുന്നതെന്ന് സംഘടനയുടെ സഹ സ്‌ഥാപക അംഗങ്ങളായ പോൾ എം.ഡി,സിനോയ് ജോൺ എന്നിവർ പറഞ്ഞു.
പല കലാകാരൻമാരുടെയും വേദനകൾ അടുത്തറിഞ്ഞപ്പോഴാണ് കേരളാ ആർട്ടിസ്‌റ്റ്സ് ഫ്രെട്ടേർണിറ്റി എന്ന സംഘടനക്ക് 2020ൽ രൂപം നൽകുന്നത്. പ്രതിസന്ധി കാലത്ത് രൂപം കൊണ്ട പ്രസ്‌ഥാനമായത് കൊണ്ട് സംഘടനക്ക് മാത്രമായി ആരെയും സഹായിക്കാനുള്ള കരുത്തായിട്ടില്ല. അതുകൊണ്ടാണ് ഓൺലൈൻ ഫെസ്‌റ്റ് പോലുള്ള ആശയങ്ങളിലൂടെ ധനസമാഹരണത്തിന് ശ്രമിക്കുന്നതെന്നും സ്‌റ്റീഫൻ ദേവസി വ്യക്‌തമാക്കി.
ചുരുങ്ങിയ സമയം കൊണ്ടുമാത്രം 46 ലക്ഷത്തോളം രൂപ കലാകാരൻമാരുടെ ക്ഷേമ പ്രവർത്തനത്തിനായി ‘കാഫ്’ ചിലവഴിച്ചുകഴിഞ്ഞു. നിലവിൽ സംഘടനക്ക് മുന്നിൽ നിരവധി ഉത്തരവാദിത്തങ്ങൾ ഉണ്ട്. ദാരിദ്ര്യം മറികടക്കാനുള്ള സഹായവും ചികിൽസാ സഹായവും പഠനസഹായവും മറ്റും ആവശ്യപ്പെട്ട് അനേകം കലാകാരൻമാരുടെ അഭ്യർഥനകളാണ് സംഘടനക്ക് മുന്നിൽ ഉള്ളത്. ഇവയിൽ പലതും വേഗത്തിൽ പരിഹരിക്കേണ്ടതുമാണ്. രൂക്ഷമായ കോവിഡ് പ്രതിസന്ധിക്ക് എന്ന് പരിഹാരമാകും എന്നൊരുറപ്പും ഇല്ലാത്ത സാഹചര്യത്തിൽ കലാകാരൻമാരുടെ സംരക്ഷണത്തിനാവശ്യമായ സാമ്പത്തികം കണ്ടെത്തുന്നതിന് വേണ്ടി നടത്തുന്ന ഈ ‘ഓൺലൈൻ ഫെസ്‌റ്റിന്’ എല്ലാവരുടേയും പ്രോൽസാഹനവും സഹകരണവും ഉണ്ടാകണം; സ്‌റ്റീഫൻ ദേവസ്യ അഭ്യർഥിച്ചു.
രാജേഷ് ചേർത്തലയുടെ ഫ്യൂഷൻ പ്രോഗ്രാമോടെ കാഫിന്റെ ഫേസ്ബുക്ക് പേജിലും യൂട്യൂബ് ചാനലിലുമാണ് ‘ഓൺലൈൻ ഫെസ്‌റ്റ്’ ആരംഭിച്ചിരിക്കുന്നത്. കേരളത്തിലെ പ്രശസ്‌തരും പ്രതിഭകളുമായ നിരവധി കലാകാരൻമാർ പങ്കെടുക്കുന്ന ഈ ഷോ വേറിട്ട ഒരു ആശയംകൂടി മുന്നോട്ട് വെക്കുന്നുണ്ട്. ലോകത്തെവിടെയുമുള്ള ഏതൊരുമലയാളിക്കും അവരുടെ ജൻമദിനാഘോഷം മുതലുള്ള ഏതൊരു ചെറുതും വലുതുമായ ആഘോഷങ്ങളും കാഫിലെ കലാകാരൻമാരോടൊപ്പം പങ്കുവയ്ക്കാൻ അവസരം ഒരുക്കിയിട്ടുണ്ട്. ഇതിന്റെ വിശദാംശങ്ങളറിയാൻ +91 6238 925 912, +91 9847 856 704 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം; സംഘടനാ പ്രതിനിധികളായ,ജയരാജ് കട്ടപ്പന ,ലിനു ലാൽ എന്നിവർ പറഞ്ഞു.
‘ഓൺലൈൻ ഫെസ്‌റ്റ്’ സ്പോൺസർ ചെയ്തോ ഫെസ്‌റ്റിൽ പരസ്യം ചെയ്തോ സഹകരിക്കാൻ താൽപര്യം ഉള്ളവർക്കും മുകളിലുള്ള നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്; ‘ഓൺലൈൻ ഫെസ്‌റ്റ്’ കോ ഓർഡിനേഷൻ കമ്മിറ്റി അറിയിച്ചു. സംഘടനയുടെ വെബ്‌സൈറ്റ് KafIndia.org ആണ്.