അപകടം കുറഞ്ഞു; കേരളത്തിലെ വാഹന ഇന്‍ഷുറന്‍സ് പ്രീമിയം കുറയും; ആവശ്യം അംഗീകരിച്ചു
കേരളത്തിലെ വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പ്രീമിയം കുറയ്ക്കണമെന്ന മോട്ടോര്‍ വാഹനവകുപ്പിന്റെ ആവശ്യം ഇന്‍ഷുറന്‍സ് കമ്പനികള്‍ തത്വത്തില്‍ അംഗീകരിച്ചു. ഗതാഗത നിയമലംഘനത്തിന് പിഴ അടയ്ക്കാത്ത വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പുതുക്കുന്നത് വിലക്കുന്നത് പരിശോധിക്കാനും പ്രത്യേകസമിതിയെ നിയോഗിച്ചു. ഇന്‍ഷുറന്‍സ് തുക അടയ്ക്കാത്ത വാഹനങ്ങളെ കണ്ടെത്താനും തീരുമാനം.
എ.ഐ ക്യാമറകള്‍ പ്രവര്‍ത്തനം തുടങ്ങിയതോടെ സംസ്ഥാനത്ത് അപകടങ്ങള്‍ കുറഞ്ഞെന്നാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ കണക്കുകള്‍. അതുകൊണ്ട് ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്ക് അതിന്റേതായ ലാഭം ഉണ്ടായിട്ടുണ്ടെന്നും അതിനാല്‍ സംസ്ഥാനവുമായി ചില കാര്യങ്ങളില്‍ സഹകരിക്കണമെന്നുമാണ് മോട്ടോര്‍ വാഹനവകുപ്പ് കമ്പനികളോട് ആവശ്യപ്പെട്ടത്. മൂന്ന് കാര്യങ്ങളാണ് സര്‍ക്കാര്‍ മുന്നോട്ട് വക്കുന്നത്. ഒന്ന്, സംസ്ഥാനത്ത് റജിസ്റ്റര്‍ ചെയ്തിട്ടുള്ള വാഹനങ്ങളുടെ ഇന്‍ഷൂറന്‍സ് പ്രീമിയം തുക കുറയ്ക്കണം. രണ്ട്, ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിഴ കുടിശികയുണ്ടങ്കില്‍ ഇന്‍ഷൂറന്‍സ് പുതുക്കി നല്‍കരുത്, 3)വാഹനങ്ങള്‍ ഇടിച്ച് തകരാറ് വരുന്ന എ.ഐ ക്യാമറകള്‍ മാറ്റി സ്ഥാപിക്കാന്‍ ഇന്‍ഷൂറന്‍സ് കമ്പനികള്‍ സഹായിക്കണം.
ഈ മൂന്ന് ആവശ്യങ്ങളും ഇന്നലെ തിരുവനന്തപുരത്ത് നടന്ന ചര്‍ച്ചയില്‍ ഇന്‍ഷൂറന്‍സ് കമ്പനികള്‍ തത്വത്തില്‍ അംഗീകരിച്ചു. പക്ഷെ എങ്ങിനെ നടപ്പാക്കുമെന്നതില്‍ ആശയക്കുഴപ്പമുണ്ട്. അത് പരിശോധിച്ച് അന്തിമതീരുമാനമെടുക്കാന്‍ മോട്ടോര്‍ വാഹനവകുപ്പിന്റെയും ഇന്‍ഷൂറന്‍സ് കമ്പനികളുടെയും പ്രതിനിധികള്‍ അടങ്ങിയ സമിതി രൂപീകരിച്ചു. ഈ സമിതി ഒരുമാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കും. അതനുസരിച്ചാവും അന്തിമതീരുമാനം. അതേസമയം സംസ്ഥാനത്ത് ഓടുന്ന 33 ശതമാനം വാഹനങ്ങള്‍ക്ക് ഇന്‍ഷൂറന്‍സ് ഇല്ലെന്ന കണക്ക് കമ്പനികള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചു. ഇരുചക്രവാഹനങ്ങളാണ് അധികവും. ഇവയെ കണ്ടെത്താനുള്ള നടപടിയ്ക്കും യോഗത്തില്‍ തീരുമാനമായി.