“പാർട്ടിക്കൊപ്പം തുടരും”; നിലപാട് വ്യക്തമാക്കി ജി. സുധാകരൻ

പാർട്ടി ബന്ധം ഉപേക്ഷിക്കില്ലെന്ന് വ്യക്തമാക്കി മുതിർന്ന സിപിഐഎം നേതാവ് ജി. സുധാകരൻ. പാർട്ടി അംഗത്വം തൽക്കാലം പുതുക്കില്ലെന്നും അനുഭാവിയായി തുടരുമെന്നും സുധാകരൻ വ്യക്തമാക്കി. കേരള രാഷ്‌ട്രീയം ദിവസങ്ങളായി ചർച്ച ചെയ്ത ഒന്നാണ് ജി. സുധാകരൻ്റെ വിഷയം.
അഞ്ച് വർഷമായി പാർട്ടിയിൽ നിന്നും അവഗണന നേരിടുകയാണ് എന്നും പാർട്ടി മെമ്പർഷിപ്പ് പുതുക്കുന്നില്ലെന്നും സുധാകരൻ ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവച്ചതോടെയാണ് ചർച്ചകൾക്ക് തുടക്കമായത്. വൈകാരിക കുറിപ്പിൽ ജില്ലാ സെക്രട്ടറി ആർ. നാസറിനും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരുന്നത്.
എം.വി. ഗോവിന്ദൻ പരിഹാസച്ചിരി ഉതിർത്ത വാർത്താസമ്മേളനവും സുധാകരൻ പോസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു. ആശയാദർശങ്ങളിൽ ജനലക്ഷങ്ങളോടൊപ്പം ഉറച്ചുനിൽക്കുമെന്ന് പറഞ്ഞുകൊണ്ടാണ് ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്. എന്നാൽ താൻ പരിഹസിച്ച് ചിരിച്ചിട്ടില്ലെന്നും മാധ്യമങ്ങളുടെ ചോദ്യത്തിന് തൻ്റെ ശൈലിയിൽ ചിരിച്ചുപോയതാണ് എന്നുമാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ്റെ വിശദീകരണം.
ജി. സുധാകരനിൽ നിന്നും കമ്മ്യൂണിസ്റ്റ് പാർട്ടിക്കോ, ഇടതുപക്ഷത്തിനോ പ്രയാസമുണ്ടാക്കുന്ന തരത്തിലുള്ള യാതൊന്നും ഉണ്ടാകില്ലെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി പറഞ്ഞിരുന്നു. ചില പരിഭവങ്ങൾ ഉണ്ടെന്നും അദ്ദേഹത്തെ അനുനയിപ്പിക്കുമെന്നും എം.എ. ബേബി വ്യക്തമാക്കി. സുധാകരൻ്റെ അനുഭവസമ്പത്ത് തെരഞ്ഞെടുപ്പിൽ സിപിഐഎമ്മിന് ഗുണം ചെയ്യുമെന്നും എം.എ. ബേബി ചൂണ്ടിക്കാട്ടിയിരുന്നു.
















































































































