കട്ടപ്പന താലൂക്ക് ആശുപത്രിക്ക് 20 കോടിയുടെ ഭരണാനുമതി: മന്ത്രി റോഷി

- പ്രവര്‍ത്തികള്‍ കിഫ്ബി വഴി നടപ്പിലാക്കും
കട്ടപ്പന: താലൂക്ക് ആശുപത്രിയുടെ സമഗ്ര വികസനത്തിനായി 20 കോടി രൂപയുടെ പുതുക്കിയ തുകയ്ക്കുള്ള തത്വത്തിലുള്ള അനുമതി ലഭിച്ചതായി മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. ഇടുക്കി ജില്ലയുടെ ആരോഗ്യ മേഖലയില്‍ വലിയ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്ന വികസന പദ്ധതികളാണ് ആശുപത്രിയില്‍ വിഭാവനം ചെയ്തിരിക്കുന്നത്. കിഫ്ബി വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ജില്ലയുടെ പിന്നാക്കാവസ്ഥയും മികച്ച ചികിത്സാ സൗകര്യങ്ങളുടെ ആവശ്യകതയും പരിഗണിച്ചാണ് പുതുക്കിയ തുകയ്ക്ക് കിഫ്ബി അംഗീകാരം നല്‍കിയത്. പദ്ധതിയുടെ നിര്‍മ്മാണ നിര്‍വ്വഹണം കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച് എല്‍ എല്‍ ഇന്‍ഫ്രാടെക് സര്‍വീസസ് ലിമിറ്റഡ് (ഹൈറ്റ്‌സ്) ആണ്.
താലൂക്ക് ആശുപത്രിയിലെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തി അത്യാധുനിക ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെയുള്ള വികസന പ്രവര്‍ത്തനങ്ങളാകും നടത്തുക. അത്യാഹിത വിഭാഗം പ്രധാന കെട്ടിടത്തോട് ചേര്‍ക്കുക, പാര്‍ക്കിങ് ഏരിയ വിപുലപ്പെടുത്തുക, സംരക്ഷണ ഭിത്തി നിര്‍മിക്കുന്ന പ്രവര്‍ത്തികളാണ് പുതിയതായി ഉള്‍പ്പെടുത്തിയത്.
ആദ്യഘട്ടത്തില്‍ 13.72 കോടി രൂപയ്ക്കാണ് ഭരണാനുമതി ലഭിച്ചിരുന്നത്. എന്നാല്‍ കൂടുതല്‍ വികസന പ്രവര്‍ത്തികള്‍ ഉള്‍ക്കൊള്ളിച്ച് ശേഷം പുതുക്കിയ ഡിപിആര്‍ പ്രകാരം തുക 20 കോടിയായി ഉയര്‍ത്തുകയായിരുന്നു. സാങ്കേതിക പരിശോധനകള്‍ പൂര്‍ത്തിയാകുന്നതോടെ എഫ്എസ് ലഭിക്കുമെന്നും തുടര്‍ന്ന് ടെന്‍ഡര്‍ നടപടികളിലേക്ക് കടക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാന സര്‍ക്കാരിന്റെ ആരോഗ്യ നവീകരണ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ആശുപത്രികളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുക എന്ന ലക്ഷ്യത്തിലേക്കുള്ള പ്രധാന ചുവടുവയ്പ്പായി കട്ടപ്പനയിലെ താലൂക്ക് ആശുപത്രി വികസനം മാറും.








































































