റോഡപകടങ്ങൾ കഴിഞ്ഞാൽ ജില്ലയിൽ ഏറ്റവും കൂടുതൽ ആളുകളുടെ ജീവൻ നഷ്ടപ്പെടുന്നത് ജലാശയങ്ങളിൽ
രാജകുമാരി • റോഡപകടങ്ങൾ കഴിഞ്ഞാൽ ജില്ലയിൽ ഏറ്റവും കൂടുതൽ ആളുകളുടെ ജീവൻ നഷ്ടപ്പെടുന്നത് ജലാശയങ്ങളിൽ. ഞായറാഴ്ച ആനയിറങ്കൽ ജലാശയത്തിൽ വള്ളം മറിഞ്ഞ് ചിന്നക്കനാൽ 301 കോളനിയിലെ ഗോപി (62), സജീവൻ (38) എന്നിവരെ കാണാതായതാണ് അപകടങ്ങളിൽ അവസാനത്തേത് സംസ്ഥാനത്ത് ഒരു വർഷം ശരാശരി 1500 പേർ മുങ്ങിമരിക്കുന്നുണ്ടെന്നാണ് കണക്ക്. ജില്ലയിൽ ഈ വർഷം ഇതുവരെ 22 പേരാണ് വിവിധ സ്ഥലങ്ങളിൽ മുങ്ങിമരിച്ചത് അപകടത്തിൽപെട്ടവരിൽ കൂടുതലും കുട്ടികളാണ്. 2023 ഫെബ്രുവരിയിൽ കൊമ്പൊടിഞ്ഞാലിൽ സഹോദരിമാരായ ആൻമരിയ (8), അമേയ (4) ഇവരുടെ മുത്തശ്ശി എൽസമ്മ (50) എന്നിവർ പാറമടയിൽ മുങ്ങിമരിച്ചത് നാടിനെ വേദനയിലാഴ്ത്തിയിരുന്നു.
മുൻകരുതലുകൾ
• ജലസുരക്ഷയെ പറ്റി കുട്ടികളെ പറഞ്ഞ് മനസ്സിലാക്കുക. ബന്ധുവീടുകളിൽ പോകുന്ന കുട്ടികളോട് മുതിർന്നവരുടെ സാന്നിധ്യത്തിൽ അല്ലാതെ വെള്ളത്തിൽ ഇറങ്ങരുതെന്ന് ബോധ്യപ്പെടുത്തുക.
• സാഹചര്യമുള്ള എല്ലാവരും കുട്ടികളെ നീന്തൽ പഠിപ്പിക്കുക. വെള്ളത്തിലിറങ്ങുമ്പോൾ അസുഖങ്ങൾ കൂടുതലാകാൻ സാധ്യതയുള്ളവരെ (അപസ്മാരം, മസിൽ കയറുന്നത് ചിലതരം ഹൃദ്രോഗങ്ങൾ) പ്രത്യേകം ശ്രദ്ധിക്കുക.
• ബോട്ട് വള്ളം എന്നിവയിൽ യാത്ര ചെയ്യുമ്പോൾ ലൈഫ് ജാക്കറ്റ് ഉപയോഗിക്കുക.