ജില്ലയിലെ നവകേരള സദസ് ഡിസംബറില്‍ : ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു
- മന്ത്രിസഭായോഗം 12 ന് തേക്കടിയില്‍
മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സ് ഡിസംബര്‍ 10,11,12 തീയതികളില്‍ ഇടുക്കി ജില്ലയില്‍ നടക്കും. മുന്നൊരുക്കങ്ങള്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. ഡിസംബര്‍ 10 ന് ഉച്ചതിരിഞ്ഞ് ജില്ലയുടെ അതിര്‍ത്തി പ്രദേശമായ മടക്കത്താനത്ത് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സ്വീകരണം നല്‍കും. തുടര്‍ന്ന് വൈകീട്ട് 6 ന് തൊടുപുഴ നിയോജകമണ്ഡലത്തിലെ നവകേരള സദസ്സ് ഗാന്ധി സ്‌ക്വയര്‍ മൈതാനത്ത് നടക്കും.
ഇടുക്കി മണ്ഡലത്തില്‍ 11 ന് രാവിലെ 9.30 ന് ചെറുതോണി ടൗണ്‍ ഹാളില്‍ പ്രഭാതഭക്ഷണവും യോഗവും നടക്കും . പതിനൊന്ന് മണിക്ക് ചെറുതോണി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നവകേരളസദസ് . രണ്ട് മണിയോടെ മുഖ്യമന്ത്രിയും മന്ത്രിമാരും ദേവികുളം മണ്ഡലത്തിലേക്ക് തിരിക്കും. അടിമാലി ടൗണില്‍ 2.45 ന് സ്വീകരണം. തുടര്‍ന്ന് അടിമാലി വിശ്വദീപ്തി പബ്ലിക് സ്‌കൂളില്‍ ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് നവകേരളസദസ് നടത്തും.
ഉടുമ്പന്‍ചോല മണ്ഡലത്തിലെ നവകേരള സദസ് നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂള്‍ ഗ്രൗണ്ടില്‍ വെകിട്ടു ആറിന് നടക്കും. രാത്രി 9.30 ഓടെ പീരുമേട് മണ്ഡലത്തിലേക്ക് തിരിക്കും. ഡിസംബര്‍ 12 ന് രാവിലെ തേക്കടിയിലായിരിക്കും മന്ത്രിസഭാ യോഗം ചേരുക. തുടര്‍ന്ന് രാവിലെ 11 ന് പീരുമേട് മണ്ഡലത്തിലെ നവകേരളസദസ് വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്ത് മിനി സ്റ്റേഡിയത്തില്‍ നടക്കും. കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ്,സബ് കളക്ടര്‍ ഡോ. അരുണ്‍ എസ് നായര്‍, എ. ഡി. എം ഷൈജു പി ജേക്കബ്, ജില്ലാ ആസൂത്രണസമിതി ഉപാധ്യക്ഷന്‍ സി. വി വര്‍ഗീസ്, എല്‍. ഡി. എഫ് കണ്‍വീനര്‍ കെ. കെ ശിവരാമന്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍, ത്രിതലപഞ്ചായത്ത് പ്രതിനിധികള്‍, ജില്ലതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.