പെട്രോൾ പമ്പിലെ മാനേജരെ വെട്ടി പരിക്കേൽപ്പിച്ച് പണം കവർന്നു; വധശ്രമ കേസിലെ പ്രതി 17 വർഷത്തിന് ശേഷം പോലീസിന്റെ പിടിയിൽ, അറസ്റ്റിലായത് ഇടുക്കി ആനവിലാസം സ്വദേശി
കൊലപാതകശ്രമ കേസിൽ കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി 17 വർഷത്തോളം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി ആനവിലാസം ശങ്കരഗിരിക്കരയിൽ പുന്നത്തറ വീട്ടിൽ തോമസ് (64) ആണ് അറസ്റ്റിലായത്. കോട്ടയം ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് ഇയാളെ പിടികൂടിയത്.
2004 ൽ കോട്ടയം കോടിമത പെട്രോൾ പമ്പിലെ മാനേജരെ വെട്ടി പരിക്കേൽപ്പിച്ച് 4 ലക്ഷം രൂപയും 3, 80,000 രൂപയുടെ ചെക്കും കവർച്ച ചെയ്ത കേസിൽ ഇയാൾക്ക് അഞ്ചുവർഷം തടവു ശിക്ഷ ലഭിച്ചിരുന്നു. എന്നാൽ ഈ വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ കൊടുത്തതിന് ശേഷം 2006 ൽ ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. കോടതി ഇയാൾക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചെങ്കിലും പ്രതിയെ പിടികൂടാനായില്ല.
കോടതി ശിക്ഷ വിധിച്ചതിനുശേഷം ഒളിവിൽ കഴിഞ്ഞു വന്നിരുന്ന പ്രതികളെ പിടികൂടുന്നതിന് വേണ്ടി ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരുന്നു. ഈ അന്വേഷണ സംഘം നടത്തിയ തിരച്ചിലിനൊടുവിൽ ഇയാളെ തൃപ്പൂണിത്തറ പുതിയകാവിലുള്ള പശുഫാമിൽ നിന്നും പിടികൂടുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.