മൊബൈൽ ഫോൺ ഇല്ല;ഈ 43 പേർ ക്ലാസിന് പുറത്താണ്
മണിയാറൻകുടി : ഓൺലൈനിൽ പ്രവേശനോത്സവം കഴിഞ്ഞെങ്കിലും പഠിക്കാൻ സാധിക്കാതെ മണിയാറൻകുടി ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ ഒരുവിഭാഗം വിദ്യാർഥികൾ. ഹൈസ്‌കൂൾ, യു.പി, എൽ.പി. ക്ലാസുകളിലായി 43 കുട്ടികളാണ് മൊബൈൽ ഫോൺ ഇല്ലാത്തതിനാൽ പഠിക്കാൻ സാധിക്കാതെ ബുദ്ധിമുട്ടുന്നത്. എൽ.പി. -16, യു.പി.-15, ഹൈസ്‌കൂൾ-12 വീതം കുട്ടികളാണ് ആരെങ്കിലും മൊബൈൽ ഫോൺ വാങ്ങി നൽകുമെന്ന പ്രതീക്ഷയിൽ കഴിയുന്നത്. മൊബൈൽ ഫോൺ, ടി.വി.എന്നിങ്ങനെ പഠിക്കാൻ യാതൊരുവിധ സൗകര്യവുമില്ലാത്ത 12 കുട്ടികളും ഇതിൽ ഉൾപ്പെടും.
ഒന്നുമുതൽ പത്തുവരെ ക്ലാസുകളിലായി ആകെ 150 കുട്ടികളാണ് മണിയാറൻ കുടി സ്‌കൂളിലുള്ളത്. ഈ വർഷവും 20-ൽ അധികം കുട്ടികൾ സ്‌കൂളിലേക്ക് പുതുതായി പ്രവേശനം നേടി. ഇതിൽ ഭൂരിഭാഗം കുട്ടികളും ആദിവാസി മേഖലയിൽ നിന്നുള്ളവരാണ്. പെരുംകാല, ആനക്കൊമ്പ്, വാത്തിപ്പാറ, വട്ടമേട്, മണിയാറൻകുടി, മുളകുവള്ളി, ഭൂമിയാംകുളം എന്നീ മേഖലകളിൽ നിന്നുള്ള കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. ചെറുതോണി മേഖലയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട സ്‌കൂളുകളിൽ ഒന്നുംകൂടിയാണിത്. വർഷങ്ങളായി പത്താംക്ലാസിൽ നൂറുശതമാനം വിജയവുമുണ്ട്.
കഴിഞ്ഞവർഷം വിവിധ സംഘടനകൾ ചേർന്ന് മൊബൈൽ ഫോൺ നൽകിയാണ് ഒരുവിധം ക്ലാസ് മുന്നോട്ട് കൊണ്ടുപോയത്. കൂടാതെ, പല കുട്ടികളും കമ്മ്യൂണിറ്റി സെന്ററുകളിലും മറ്റും പോയി ക്ലാസുകൾ കേട്ടു. എന്നാൽ, ഇക്കുറി കോവിഡ് പടർന്നുപിടിക്കുന്നതിനാൽ അത് അസാധ്യമാണ്. വിക്ടേഴ്‌സ് ക്ലാസ് കൂടാതെ, അതത് അധ്യാപകരും ഇക്കുറി കുട്ടികൾക്ക് ഓൺലൈൻ ക്ലാസ് നൽകുന്നതിനാൽ ഒരുവീട്ടിൽ ഒരുകുട്ടിക്കെങ്കിലും മൊബൈൽ ഫോൺ ഉണ്ടാകേണ്ടതും അനിവാര്യമായിരിക്കുകയാണ്.
വില്ലനായി നെറ്റ് വർക്കും
മലയോര മേഖലയായ മണിയാറൻകുടിയിൽ മൊബൈൽ ഫോണിന് നെറ്റ് വർക്ക് പ്രശ്‌നം ഉള്ളതും മറ്റൊരു ബുദ്ധിമുട്ടാണ്.
മൊബൈൽ ഫോൺ ഉണ്ടെങ്കിലും റേഞ്ച് ഇല്ലാത്തതിനാൽ പലർക്കും ലൈവ് ക്ലാസുകളും കേൾക്കാനാകുന്നില്ല. അധ്യാപകർ അയച്ചുനൽകുന്ന വീഡിയോ പുറത്തേക്ക് പോയി ഡൗൺലോഡ് ചെയ്ത് വീട്ടിൽ കൊണ്ടുവന്ന് കേൾക്കേണ്ട സാഹചര്യമാണുള്ളത്.
കുട്ടികളെ സഹായിക്കണം
ചെറുതോണി മേഖലയിലെ പ്രധാന സ്‌കൂളാണ് മണിയാറൻകുടി. നല്ലൊരുവിഭാഗം ഗോത്രവിഭാഗത്തിൽ നിന്നുള്ള വിദ്യാർഥികളും ഉണ്ട്. കുട്ടികൾക്ക് മൊബൈൽ ഫോൺ വാങ്ങി നൽകാൻ ആരെങ്കിലും തയ്യാറാകുമെന്നാണ് പ്രതീക്ഷ.
റെജി ജോസഫ്,
പി.ടി.എ. പ്രസിഡന്റ്