മറിയാമ്മ ടീച്ചർ പടിയിറങ്ങി, മാട്ടുപ്പെട്ടി സ്കൂളിനു താഴുവീണു
പെരുവന്താനം ∙ നാട്ടിലെമ്പാടും സ്കൂളുകളിൽ പ്രവേശനോത്സവത്തിന്റെ ആരവം ഉയർന്നപ്പോൾ 70 വർഷത്തിന്റെ പാരമ്പര്യം പേറുന്ന മാട്ടുപ്പെട്ടി സ്കൂൾ താഴിട്ടുപൂട്ടി. പെരുവന്താനം പഞ്ചായത്തിലെ ടിആർ ആൻഡ് ഡി എസ്റ്റേറ്റിൽ പ്രവർത്തിക്കുന്ന എൽപി സ്കൂളിനാണ് പുതിയ അധ്യയന വർഷത്തിന്റെ ആദ്യ ദിനത്തിൽ തന്നെ താഴുവീണത്. സ്കൂളിൽ ആകെ ഉണ്ടായിരുന്ന പ്രധാനാധ്യാപിക മറിയാമ്മ ഏബ്രഹാം മേയ് 30നു വിരമിച്ചു. ഇതു മൂൻകൂട്ടി മനസ്സിലാക്കിയ രക്ഷാകർത്താക്കൾ വിദ്യാർഥികളുടെ ടിസി വാങ്ങി മറ്റു സ്കൂളുകളിലേക്ക് പോയി.
ഇതാണ് അടച്ചുപൂട്ടലിന് ഇടയാക്കിയത്. 1951ൽ ആരംഭിച്ച സ്കൂളിൽ ഏതാനും വർഷങ്ങളായി മറിയാമ്മ മാത്രമേ അധ്യാപികയായി ഉണ്ടായിരുന്നുളളൂ. ക്ലാസുകൾ നടത്തിക്കൊണ്ടുപോകുന്നതിനു 2 അധ്യാപകരെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിച്ചു. വിദ്യാഭ്യാസ വകുപ്പിൽ നിന്നു ഫണ്ട് നൽകാതെ വന്നതോടെ പ്രധാനാധ്യാപിക തന്റെ കയ്യിൽ നിന്നെടുത്താണ് ഇവർക്ക് ശമ്പളം നൽകിയിരുന്നത്.