ഒപ്പ് ബാലകൃഷ്ണപിള്ളയുടേത് തന്നെയെന്ന് തെളിഞ്ഞു; സ്വത്ത് തര്‍ക്കത്തില്‍ കെ ബി ഗണേഷ്‌കുമാറിന് ആശ്വാസം
സഹോദരിയുമായുള്ള സ്വത്ത് തര്‍ക്കത്തില്‍ മന്ത്രി കെ ബി ഗണേഷ്‌കുമാറിന് ആശ്വാസം. സ്വത്തുക്കള്‍ ഗണേഷ്‌കുമാറിന്റെ പേരിലാക്കിയ വില്‍പത്രത്തിലെ ഒപ്പുകള്‍ പിതാവ് ആര്‍ ബാലകൃഷ്ണ പിള്ളയുടേത് തന്നെയാണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. ഒപ്പ് വ്യാജമാണെന്നായിരുന്നു ഗണേഷ് കുമാറിന്റെ സഹോദരി ഉഷാ മോഹന്‍ദാസിന്റെ വാദം.
വില്‍പത്രത്തിലെ ഒപ്പുകള്‍ കൊട്ടാരക്കര മുന്‍സിഫ് കോടതി ഫോറന്‍സിക് പരിശോധനയ്ക്കായി സ്റ്റേറ്റ് ഫോറന്‍സിക് സയന്‍സ് ലബോറട്ടറിക്ക് നല്‍കിയിരുന്നു. ഇതിന്റെ റിപ്പോര്‍ട്ട് കെഴിഞ്ഞ ദിവസമാണ് കോടതിക്ക് കൈമാറിയത്. വില്‍പത്രത്തിലെ ഒപ്പുകളെല്ലാം ആര്‍ ബാലകൃഷ്ണപിള്ളയുടേതാണെന്നാണ് ഫോറൻസിക് പരിശോധനയിലെ കണ്ടെത്തല്‍.
ആര്‍ ബാലകൃഷ്ണപിള്ള അസുഖബാധിതനായിരിക്കുമ്പോള്‍ വാളകത്ത് വീട്ടില്‍ പൂര്‍ണ്ണസമയവും പരിചരിച്ചത് കെ ബി ഗണേഷ് കുമാറായിരുന്നു. അതിനിടെയായിരുന്നു വില്‍പത്രം തയ്യാറാക്കിയത്. കാര്യസ്ഥന് മാത്രം അറിയാവുന്ന കാര്യമായിരുന്നു ഇത്. ബാലകൃഷ്ണപിള്ളയുടെ മരണശേഷം വില്‍പത്രം പുറത്തെടുത്തപ്പോള്‍ സ്വത്തുക്കള്‍ കൂടുതല്‍ ഗണേഷ് കുമാറിനായിരുന്നു. പിന്നാലെയാണ് തര്‍ക്കം ഉടലെടുത്തത്.