‘കെജിഎഫി’നെ വീഴ്തി; ലിയോയെ കൈവിടാതെ കേരള ബോക്സ് ഓഫീസ്, അതിവേഗത്തിൽ 50 കോടി

രണ്ടാം വാരത്തിൽ വിജയ് ചിത്രം ലിയോ തളർച്ച നേരിടുന്നുവെങ്കിലും കേരള ബോക്സ് ഓഫീസ് ലോകേഷ് ചിത്രത്തെ കൈവിട്ടിട്ടില്ല എന്ന് തെളിയിക്കുന്ന റിപ്പോർട്ടുകളാണെത്തുന്നത്. ഒമ്പത് ദിവസം കൊണ്ട് കേരളത്തിൽ നിന്ന് 50 കോടിയാണ് ലിയോ സ്വന്തമാക്കിയിരിക്കുന്നത്. 11 ദിവസം കൊണ്ട് കെജിഎഫ് കേരളത്തിൽ നേടിയ 50 കോടിയെയാണ് ലിയോ വീഴ്തിയിരിക്കുന്നത്.
ലോകേഷ് കനകരാജ്–കമൽഹാസൻ ചിത്രമായ ‘വിക്ര’മിന്റെ കേരള ലൈഫ്‍ടൈം കളക്‌ഷനും ‘ലിയോ’ മറികടന്നു കഴിഞ്ഞു. ആഗോള തലത്തിൽ 500 കോടിയിലേക്കടുക്കുകയാണ് ലിയോ. 461 കോടി രൂപയിലിധകം ഇതിനോടകം ചിത്രം നേടിയതായി നിർമാതാക്കൾ അറിയിച്ചു. തമിഴ്നാട്ടിൽ നിന്നും 135 കോടിയാണ് ഇതുവരെ സിനിമ നേടിയത്. ആന്ധ്രപ്രദേശിൽ നിന്ന് 30 കോടിയും കർണാടകയിൽ 31 കോടിയും. മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നായി 18 കോടിയുമായി. ഇന്ത്യക്ക് പുറത്ത് നിന്ന് 200 കോടിയാണ് ലിയോയുടെ കളക്ഷൻ.
148.5 കോടി രൂപയാണ് ചിത്രത്തിന്റെ ആദ്യദിനത്തിലെ ആഗോള ഗ്രോസ് കളക്ഷൻ. ഇതോടെ 2023ൽ പുറത്തിറങ്ങിയ ഇന്ത്യൻ സിനിമകളിൽ തന്നെ ആദ്യ ദിന കളക്‌ഷനിൽ ഒന്നാമത് ലിയോ എത്തി. കേരളത്തിൽ ആദ്യ ദിനം 12 കോടി ഗ്രോസ് കളക്‌ഷനാണ് നേടിയത്. 7.25 കോടി നേടിയ കെജിഎഫ് 2, 6.76 കോടി നേടിയ ഒടിയൻ, വിജയ്‌യുടെ തന്നെ 6.6 കോടി നേടിയ ബീസ്റ്റ് എന്നീ സിനിമകളുടെ റെക്കോർഡുകളാണ് ലിയോ പഴങ്കഥയാക്കിയത്.