ഓസ്ട്രേലിയൻ പള്ളി അടിമാലിയിൽ നിർമ്മിച്ച
സ്നേഹവീടിന്റെ താക്കാേൽ കൈമാറി
അടിമാലി: ഓസ്ട്രേലിയയിലെ യാക്കോബായ പള്ളി അടിമാലിയിൽ നിർമ്മിച്ചു നൽകിയ സ്നേഹവീടിന്റെ കൂദാശയും താക്കോൽദാന പരിപാടിയും നടന്നു. ആയിരം ഏക്കർ സ്വദേശികളായ കുടുംബത്തിനാണ് മനോഹരമായ വീടൊരുക്കി നൽകിയത്. പൊളിഞ്ഞപാലത്തിനു സമീപം കുടുംബാംഗങ്ങൾ സ്വന്തമാക്കിയ ഭൂമിയിലാണ് ഓസ്ട്രേലിയ ബ്രിസ്ബാൻ സെന്റ് തോമസ് യാക്കോബായ സിറിയൻ ഓർത്തഡോക്സ് പള്ളി വീട് നിർമ്മിച്ചു നൽകുന്നതിന് നേതൃത്വം നൽകിയത്. ആറു ലക്ഷം രൂപയോളം പള്ളിയിൽ നിന്നും മാത്രം വീടിനായി നൽകി. ഇതോടെ കുടുംബാംഗങ്ങളുടെ നേതൃത്വത്തിൽ മനോഹരമായ വീട് പണി പൂർത്തിയാക്കി. കഴിഞ്ഞ ദിവസം വീടിന്റെ കൂദാശാ കർമ്മം നടത്തി. തുടർന്ന് ഓസ്ട്രേലിയയിൽ നിന്നും
പള്ളി വികാരി ഫാ. എൽദോസ് കുമ്മംകോട്ടിൽ, പള്ളി സെക്രട്ടറി എൽദോസ് സാജു എന്നിവരുടെ നേതൃത്വത്തിൽ ഭാരവാഹികൾ താക്കോൽ കൈമാറി. ഹൈറേഞ്ച് മേഖലയിലെ ഫാ. മത്തായി കുളങ്ങരക്കുടി, ഫാ. സോണി ഐസക്, ഹൈറേഞ്ച് മേഖലാ അരമന സെക്രട്ടറി റ്റി.സി വർഗീസ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.