ആൺകുട്ടിക്ക് 5000, പെൺകുട്ടിക്ക് 3000 രൂപ: നവജാത ശിശുക്കളെ വാങ്ങി വിൽപന നടത്തിയ ഡോക്ടറും സഹായിയും അറസ്റ്റിൽ
ചെന്നൈ : സംസ്ഥാനത്തുടനീളം കുട്ടികളില്ലാത്ത ദമ്പതികൾക്ക് നവജാതശിശുക്കളെ വിറ്റതിന് സർക്കാർ ആശുപത്രി ഡോക്ടറെയും ബ്രോക്കറെയും നാമക്കലിലെ തിരുച്ചെങ്ങോട് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു. തിരുച്ചെങ്ങോട് സ്വദേശി ഗൈനക്കോളജിസ്റ്റ് ഡോ. ഇ അനുരാധ (49), ബ്രോക്കർ സാണർപാളയം സ്വദേശി ടി. ലോകമ്മാൾ (38) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തതത്.
നാമക്കൽ ജില്ലയിലെ തിരുചെങ്കോട് സർക്കാർ ആശുപത്രിയിൽ എത്തുന്ന പാവങ്ങളെയാണ് 49കാരിയായ ഡോ. അനുരാധ ലക്ഷ്യമിട്ടത്. രണ്ടു കുട്ടികളുളള അമ്മമാരുടെ അടുത്തേക്ക് സഹായിയായ ലോകമ്മാളിനെ അയക്കും. ആൺകുട്ടിക്ക് 5000, പെൺകുട്ടിക്ക് 3000 രൂപ നിരക്കിൽ നവജാത ശിശുക്കളെ വാങ്ങി മറ്റുള്ളവർക്ക് വിൽക്കുകയാണ് പതിവ്. ഇങ്ങനെ ഏഴു കുഞ്ഞുങ്ങളെ കൈമറി പണം വാങ്ങിയെന്നാണ് അനുരാധയുടെ കുറ്റസമ്മതമൊഴിയെന്ന് പൊലീസ് പറഞ്ഞു.
നവജാതശിശുവിന് സുഖമില്ലാതായത്തോടെ ഒക്ടോബർ 12ന് ആശുപത്രിയിലെത്തിയ ദിനേശ് -നാഗജ്യോതി ദമ്പതികളെ ലോകമ്മാൾ സമീപിച്ചതാണ് അറസ്റ്റിലേക്ക് നയിച്ചത്. ഇവരോട് രണ്ടു ലക്ഷം നൽകാമെന്നായിരുന്നു വാഗ്ദാനം. സംശയം തോന്നിയ ഇരുവരും ജില്ല കലക്ടർക്കും എസ്.പിക്കും പരാതി നൽകി. അന്വേഷണത്തിന് ഒടുവിൽ ഡോക്ടരും ബ്രോക്കറും കുടുങ്ങി. അവയവ കടത്തിലും ഇരുവരും ഏർപ്പെട്ടതായും തിരുച്ചിറപ്പല്ലി തിരുനെവേലി എന്നിവിടങ്ങളിലെ സർക്കാർ ആശുപത്രികളിലെ ചിലരുടെ സഹായം കിട്ടിയെന്നും സൂചനയുണ്ട്. അനുരാധയെ ജോലിയിൽ നിന്ന് പിരിച്ചുവിടാനും സംസ്ഥാന വ്യാപക അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കാനും ആരോഗ്യമന്ത്രി ഉത്തരവിട്ടിരിക്കുകയാണ്.