വാഗമൺ മലനാട് സർവ്വീസ് സഹകരണ ബാങ്ക് സംഘർഷം 19 ന് വാഗമണ്ണിൽ UDF പ്രതിക്ഷേധം
മലനാട് സർവീസ് സഹകരണ ബാങ്കി ലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കൃത്രിമ ആധാർ കാർഡും തിരിച്ചറിയൽ കാർഡുമായി കള്ളവോട്ട് ചെയ്യാൻ എത്തിയ സിപിഎം പ്രവർത്തകരെ തടഞ്ഞതിന്റെ പേരിൽ യുഡിഎഫ് നേതാക്കളെയും പ്രവർത്തകരെയും മൃഗീയമായി മർദ്ദിച്ച, മനുഷ്യമനസാക്ഷിയെ ഞെട്ടിപ്പിച്ച സിപിഎം നടപടിയെ യുഡിഎഫ് ചെയർമാൻ ജോയി വെട്ടിക്കുഴി അപലപിച്ചു.
കോമ്പൗണ്ടിനു പുറത്തുണ്ടായിരുന്ന യുഡിഎഫ് ബൂത്തിൽ വർത്താനം പറഞ്ഞിരുന്ന നേതാക്കൾക്ക് നേരെ യാതൊരു പ്രകോപനവും ഇല്ലാതെയാണ് കല്ലേറ് നടത്തിയത്. പോളിംഗ് ബൂത്തിലേക്ക് വോട്ട് ചെയ്യാൻ പോയ നിരവധി വോട്ടർമാരെയും അകാരണമായി ഉപദ്രവിച്ചത് തികഞ്ഞ ഗുണ്ടായിസം ആണ്. മാർക്സിസ്റ്റ് പാർട്ടി നേതൃത്വത്തിന്റെ അറിവോടെ നടത്തിയിട്ടുള്ള ആസൂത്രിത ഗുണ്ട തേർവാഴ്ചയാണ് വാഗമണ്ണിൽ നടന്നത്. സ്കൂൾതലം മുതൽ പാർലമെന്റ് വരെയുള്ള മുഴുവൻ തെരഞ്ഞെടുപ്പുകളിലും ആൾമാറാട്ടം, കള്ളവോട്ട്, അക്രമം, വ്യാജരേഖ ചമയ്ക്കൽ എന്നീ മാർഗങ്ങളിലൂടെ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നേതൃത്വം നൽകുന്ന മാർക്സിസ്റ്റ് നേതാക്കളാണ് ജനാധിപത്യത്തെ പറ്റി വാതോരാതെ പ്രസംഗിക്കുന്നത്. ജില്ലയിൽ എൽഡിഎഫ് ഭരിക്കുന്ന സഹകരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് പരാജയപ്പെട്ട ഒരു സ്ഥലത്തും ഒരു മനുഷ്യനെ പോലും ഞങ്ങൾ ഉപദ്രവിച്ചിട്ടില്ല എന്ന യാഥാർത്ഥ്യം എൽഡിഎഫ് മറക്കരുത്. മനുഷ്യൻ ശാരീരികമായി പരിക്കേറ്റും അവയവങ്ങൾക്ക് ക്ഷതമേറ്റും വേദനിക്കുന്നതും കണ്ണീരൊഴുക്കുന്നതും കണ്ട് സന്തോഷിക്കുന്ന ഒരു മനസ്സല്ല യുഡിഎഫിനുള്ളത് എന്നതിനാലാണ് അക്രമ പ്രവർത്തനങ്ങളിൽ നിന്നും ഒഴിവായി നിൽക്കുന്നത്. സഹകരണ സ്ഥാപനങ്ങൾ അക്രമ പ്രവർത്തനങ്ങളിലൂടെ പിടിച്ചെടുത്ത് ബാങ്കുകളിലെ ഭരണസമിതികളെ നോക്കുകുത്തികളാക്കിക്കൊണ്ട് പാർട്ടി നേതാക്കൾ ഭരണം നടത്തി സഹകരണ മേഖലയെ തകർത്തിരിക്കുകയാണ്. ഹൈക്കോടതി നിർദ്ദേശം ഉണ്ടായിട്ടും ആവശ്യമായ പോലീസ് സേനയെ ക്രമീകരിക്കാതിരുന്നത് പോലീസിനുണ്ടായ ഗുരുതരമായ വീഴ്ചയാണ്. അക്രമം ഉണ്ടായതിനുശേഷം എത്തിയ പോലീസ് ആദ്യം മുതൽ ഉണ്ടായിരുന്നുവെങ്കിൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാമായിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് ഒക്ടോബർ 19ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് വാഗമണ്ണിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തുന്നതിന് തീരുമാനിച്ചിട്ടുണ്ടെന്നും ചെയർമാൻ അറിയിച്ചു.