ഗുജറാത്ത് കലാപക്കേസ്: കുറ്റവാളികളെ വിട്ടയച്ചത് ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജി വിധി പറയാന്‍ മാറ്റി
ന്യൂഡല്‍ഹി: ഗുജറാത്ത് കലാപക്കേസിലെ 11 കുറ്റവാളികളെ ശിക്ഷാവിധി തീരുംമുന്‍പ് വിട്ടയച്ചത് ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജി വിധി പറയാന്‍ മാറ്റി. പതിനൊന്ന് ദിവസത്തെ വിശദമായ വാദം കേട്ടശേഷമാണ് ജസ്റ്റിസുമാരായ ബിവി നാഗരത്‌ന, ഉജ്ജ്വല്‍ ഭുയന്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റെ തീരുമാനം. കേസിലെ രേഖകളുടെ ഇംഗ്ലീഷ് പരിഭാഷ തിങ്കളാഴ്ച ഗുജറാത്ത് സര്‍ക്കാര്‍ ഹാജരാക്കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി.
ബില്‍ക്കിസ് ബാനുവിനെ ബലാത്സംഗത്തിന് ഇരയാക്കിയതും കൊലപാതക കേസുകളും ഉള്‍പ്പടെയുള്ള കേസുകളില്‍ ശിക്ഷിക്കപ്പെട്ടവരെയാണ് ഗുജറാത്ത് സര്‍ക്കാര്‍ ശിക്ഷാ ഇളവ് നല്‍കിയത്. ഇത് ചോദ്യം ചെയ്ത് ബില്‍ക്കിസ് ബാനു ഉള്‍പ്പടെയുള്ളവര്‍ നല്‍കിയ ഒരുകൂട്ടം ഹര്‍ജികളിലാണ് സുപ്രീംകോടതി വാദം കേട്ടശേഷം വിധി പറയാന്‍ മാറ്റിയത്.
കുറ്റവാളികള്‍ 14 കൊലപാതക കേസുകളിലും മൂന്ന് കൂട്ട ബലാത്സംഗക്കേസുകളിലും പ്രതികളാണ്. ചെയ്ത കുറ്റകൃത്യത്തിന്റെ ഗൗരവം പരിഗണിച്ചാല്‍ ശിക്ഷായിളവ് അര്‍ഹിക്കുന്നില്ല. മതവിരുദ്ധത മുന്‍നിര്‍ത്തിയാണ് കുറ്റകൃത്യങ്ങളുടെ പരമ്പര നടത്തിയത്. സാമൂഹിക പ്രത്യാഘാതം പരിഗണിക്കാതെയാണ് ഗുജറാത്ത് സര്‍ക്കാര്‍ തീരുമാനമെടുത്തത്, കുറ്റകൃത്യം ചെ്തവര്‍ ഇളവ് അര്‍ഹിക്കുന്നില്ല എന്നുമായിരുന്നു ബില്‍ക്കിസ് ബാനുവിന് വേണ്ടി ഹാജരായ അഭിഭാഷക ശോഭ ഗുപ്തയുടെ വാദം.
1992ലെ ശിക്ഷാ ഇളവ് നയപ്രകാരമാണ് ശിക്ഷാ ഇളവ് നല്‍കിയത്. ഇതില്‍ നിയമ വിരുദ്ധതയില്ല. നിയമപരമായ എല്ലാ കാര്യങ്ങളും പരിഗണിച്ചാണ് തീരുമാനമെടുത്തത്. ഗൗരവതരമായ കുറ്റകൃത്യത്തിന് ശിക്ഷിക്കപ്പെട്ടവരാണെങ്കിലും മാനസിക പരിവര്‍ത്തനത്തിന് അവസരം നല്‍കണം. സമൂഹത്തില്‍ ഗുണപരമായ മാറ്റത്തിന് ശിക്ഷിക്കപ്പെട്ടവര്‍ക്ക് കഴിയുമെന്നുമാണ് ഗുജറാത്ത് സര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ രാജു നല്‍കിയ മറുപടി. ബില്‍ക്കിസ് ഭാനുവിന്റെ കേസിലെ പ്രതികള്‍ക്ക് വിചാരണ കോടതിയോ ബോംബെ ഹൈക്കോടതിയോ വധശിക്ഷയോ നിശ്ചിത കാലത്തേക്കുള്ള ശിക്ഷയോ വിധിച്ചിട്ടില്ലെന്നായിരുന്നു ഒരു പ്രതിക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ സിദ്ധാര്‍ത്ഥ് ലുത്രയുടെ വാദം.
ശിക്ഷിക്കപ്പെട്ടവര്‍ പിഴശിക്ഷ ഒടുക്കിയിരുന്നില്ല. ഇത് ജയിലിനുള്ളിലെ പ്രതികളുടെ സ്വഭാവമെന്ന നിലയില്‍ പരിഗണിച്ചിട്ടുണ്ടോയെന്ന് സുപ്രീംകോടതി ആരാഞ്ഞു. കുറ്റവാളികള്‍ക്ക് എപ്പോഴെങ്കിലും മനസാക്ഷിക്കുത്ത് തോന്നിയോ എന്നായിരുന്നു ജസ്റ്റിസ് ഉജ്ജ്വല്‍ ഭുയന്റെ ചോദ്യം. ഗുജറാത്ത് സര്‍ക്കാരിന്റെ തീരുമാനം ചോദ്യം ചെയ്ത് സിപിഐഎമ്മിന് വേണ്ടി സുഭാഷിണി അലി, തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര, മുന്‍ ഐപിഎസ് ഫീസര്‍ മീരാന്‍ ഛദ്ദ ബോര്‍വാങ്കര്‍, നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ വിമണ്‍ തുടങ്ങിയവരാണ് പ്രത്യേക അനുമതി ഹര്‍ജി നല്‍കിയത്.
2002 മാര്‍ച്ച് മൂന്നിനായിരുന്നു ഗുജറാത്ത് കലാപത്തിനിടെ 21കാരിയായ ബില്‍കിസ് ബാനു കൂട്ടബലാത്സംഗത്തിന് ഇരയായത്. അതിക്രമത്തിന് വിധേയയാകുന്ന സമയത്ത് അഞ്ച് മാസം ഗര്‍ഭിണിയുമായിരുന്നു ഹര്‍ജിക്കാരി. മൂന്ന് വയസുകാരിയായ മകള്‍ ഉള്‍പ്പടെ ബില്‍കിസിന്റെ കുടുംബത്തിലെ ഏഴ് പേരെയും കലാപകാരികള്‍ കൊന്നു. 2008ലാണ് മുംബൈയിലെ വിചാരണക്കോടതി പ്രതികളെ കൊലപാതകം, ബലാത്സംഗം ഉള്‍പ്പടെയുള്ള കുറ്റങ്ങള്‍ക്ക് ശിക്ഷിച്ചത്. ജീവപര്യന്തമായിരുന്നു മുംബൈയിലെ സെഷന്‍സ് കോടതി നല്‍കിയ ശിക്ഷ. 2017 മെയ് മാസത്തില്‍ ജസ്റ്റിസ് വി കെ താഹില്‍ രമണി അധ്യക്ഷയായ ബെഞ്ച് പതിനൊന്ന് പേരുടെ ശിക്ഷാവിധി ശരിവെച്ചു. ബില്‍കിസ് ബാനുവിന് 50 ലക്ഷം രൂപ ധനസഹായവും സര്‍ക്കാര്‍ ജോലിയും വീടും നല്‍കണമെന്നായിരുന്നു രണ്ട് വര്‍ഷത്തിന് ശേഷമുള്ള സുപ്രീംകോടതി വിധി.
ശിക്ഷ വിധിച്ച് പതിനഞ്ച് വര്‍ഷത്തിന് ശേഷം കുറ്റവാളികളില്‍ ഒരാളായ രാധേശ്യാം ഷാ ശിക്ഷായിളവ് തേടി ഹൈക്കോടതിയെ സമീപിച്ചു. അധികാരപരിധിയില്ലെന്നും മഹാരാഷ്ട്ര സര്‍ക്കാരിനെ സമീപിക്കാനും നിര്‍ദ്ദേശിച്ച് ഗുജറാത്ത് ഹൈക്കോടതി ഹര്‍ജി മടക്കി. ശിക്ഷാ ഇളവിന്റെ കാര്യത്തില്‍ ഗുജറാത്ത് സര്‍ക്കാരിന് തീരുമാനമെടുക്കാമെന്നായിരുന്നു സുപ്രീംകോടതി രണ്ടംഗ ബെഞ്ചിന്റെ വിധി. തുടര്‍ന്നാണ് കുറ്റവാളികള്‍ ഗുജറാത്ത് സര്‍ക്കാരിനെ സമീപിച്ചതും ശിക്ഷായിളവ് നേടിയതും.