ഇരട്ടയാര്‍ ഗ്രാമപഞ്ചായത്തില്‍ കേരളോത്സവം 2023 ന് തുടക്കമായി
കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെയും ഇരട്ടയാര്‍ ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ നടത്തുന്ന കേരളോത്സവം 2023 ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിഷ ഷാജി ഉദ്ഘാടനം ചെയ്തു. ഇരട്ടയാര്‍ പനച്ചിക്കല്‍ സ്റ്റേഡിയത്തില്‍ നടന്ന യോഗത്തില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിനി മാത്യു അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് പനച്ചിക്കല്‍ സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് മത്സരവും ശാന്തിഗ്രാമിലെ പഞ്ചായത്ത് സ്റ്റേഡിയത്തില്‍ ഷട്ടില്‍ ബാഡ്മിന്റണ്‍ മത്സരവും നടന്നു. ഒക്‌ടോബര്‍ 7, 8, 14 തീയതികളിലായാണ് കേരളോത്സവവുമായി ബന്ധപ്പെട്ട് വിവിധ കലാ കായിക മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.
ഒക്‌ടോബര്‍ 8 ന്ഫുട്‌ബോള്‍, വോളിബോള്‍, കബഡി എന്നീ മത്സരങ്ങള്‍ ശാന്തിഗ്രാമിലെ പഞ്ചായത്ത് സ്റ്റേഡിയത്തില്‍ നടക്കും. ഒക്ടോബര്‍ 14 ന് ഓട്ടം മത്സരം, റിലേ, ഷോട്ട്പുട്ട്, ഡിസ്‌കസ് ത്രോ, ജാവലിംഗ് ത്രോ, ലോങ്ങ് ജമ്പ്, ഹൈജമ്പ്, ട്രിപ്പിള്‍ ജെമ്പ് തുടങ്ങിയ അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ ഇരട്ടയാര്‍ സെന്റ് തോമസ് സ്‌കൂള്‍ സ്റ്റേഡിയത്തില്‍ നടക്കും. ഒക്ടോബര്‍ 14 ന് ലളിതഗാനം, മാപ്പിളപ്പാട്ട്, നാടോടിഗാനം, കവിതാലാപനം, സംഘഗാനം, ദേശഭക്തിഗാനം, നാടോടി നൃത്തം, കേരള നടനം, ഓട്ടന്‍തുള്ളല്‍, വയലിന്‍, ചെണ്ട, മദ്ദളം, ഉപന്യാസരചന, കവിതാരചന, കഥാരചന, കാര്‍ട്ടൂണ്‍, ഏകാംഗനാടകം, മോണോ ആക്ട്, മിമിക്രി, മൈം, പ്രസംഗം, കഥാപ്രസംഗം തുടങ്ങിയ വിവിധ കലാ മത്സരങ്ങള്‍ ഇരട്ടയാറിലെ പഞ്ചായത്ത് വനിതാ സാംസ്‌കാരിക നിലയത്തില്‍ സംഘടിപ്പിക്കും. വനിതകള്‍ക്ക് മാത്രമായുള്ള കലാ മത്സരങ്ങള്‍ – മോഹിനിയാട്ടം, ഭരതനാട്യം, ഒപ്പന, തിരുവാതിര, മാര്‍ഗംകളി, സംഘനൃത്തം എന്നിവയാണ്. ഒക്‌ടോബര്‍ 14 ന് വൈകിട്ട് ആറ് മണിക്ക് ഇരട്ടയാര്‍ സെന്റ് തോമസ് സ്റ്റേഡിയത്തില്‍ സമാപനസമ്മേളനം നടക്കും.
ഇരട്ടയാര്‍ ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികള്‍, പഞ്ചായത്ത് ജീവനക്കാര്‍, രാഷ്ട്രീയ – സാമൂഹ്യ- നേതാക്കള്‍, പ്രദേശവാസികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.