ഇടുക്കി തോപ്രാംകുടി സർവീസ് സഹകരണ ബാങ്കിലെ ക്രമക്കേടുകളെക്കുറിച്ച് ഇ.ഡി. അന്വേഷിക്കണം; യു.ഡി.എഫ്
തോപ്രാംകുടി സർവീസ് സഹകരണ ബാങ്കിൽ വ്യാപകമായ ക്രമക്കേടുകളും അഴിമതിയുമാണ് നടക്കുന്നതെന്ന് യു.ഡി.എഫ് വാത്തിക്കുടി മണ്ഡലം കമ്മറ്റി യോഗം കുറ്റപ്പെടുത്തി. അഴിമതികൾപുറത്തു കൊണ്ടുവരുന്നതിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
വർഷങ്ങളായി എൽ.ഡി.എഫ്. ഭരിക്കുന്ന ബാങ്ക് പത്ത് കോടിയിലധികം രൂപയുടെ കടബാധ്യതയുമായി അടച്ചുപൂട്ടലിന്റെ വക്കിലാണ്.
പതിമൂന്നു കോടിയിലധികം രൂപ നിക്ഷേപകർക്ക് തിരികെ നല്കാനുള്ളപ്പോഴാണ് ഈ ബാധ്യത നിലനില്ക്കുന്നത്.
ഉയർന്ന പലിശ എന്ന വാഗ്ദാനത്തിൽ വിശ്വസിച്ച് ലക്ഷക്കണക്കിനു രൂപ നിക്ഷേപിച്ചവരും, തങ്ങളുടെ ചെറിയ സമ്പാദ്യങ്ങൾ നിക്ഷേപിച്ച സാധാരണക്കാരുമായിട്ടുള്ള സഹകാരികൾ വലിയ പ്രതിസന്ധിയിലാണെന്ന് യോഗം വിലയിരുത്തി.
ചികിത്സാ ആവശ്യങ്ങൾക്കായോ, മക്കളുടെ വിദ്യാഭ്യാസത്തിനോ, വിവാഹത്തിനോ ഒക്കെയായ അടിയന്തിര ഘട്ടത്തിൽ നിക്ഷേപം പിൻവലിക്കാനെത്തുന്നവർക്ക് പണമില്ല എന്ന മറുപടിയാണ് ലഭിക്കുന്നത്.
പാർട്ടി നേതൃത്വത്തിന്റെ അറിവോടെ ഭരണ സമിതി നടത്തുന്ന ക്രമക്കേടുകളാണ് ബാങ്കിന്റെ തകർച്ചക്കു കാരണമെന്നും യോഗം ചൂണ്ടിക്കാട്ടി.
ബാങ്കിന്റെ പരിധിക്ക് പുറത്ത് നിന്നുള്ളവരെ വ്യാജ വിലാസത്തിൽ അംഗങ്ങളാക്കുകയും അവർക്ക് വായ്പ അനുവദിച്ചതായി രേഖയുണ്ടാക്കി പണം തിരിമറി നടത്തുകയുമാണ് ചെയ്തിട്ടുള്ളത്.
മുമ്പ് വായ്പ എടുക്കുകയും തിരിച്ചടക്കുകയും ചെയ്തിട്ടുവരും , നിലവിൽ വായ്പ എടുത്തിട്ടുള്ളവരുമായ എസ്.ടി. വിഭാഗത്തിൽപ്പെട്ടവരുടെ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് അവരറിയാതെ ലക്ഷക്കണക്കിനു രൂപയുടെ വായ്പാ തിരിമറിയാണ് നടന്നിട്ടുള്ളത്. കാലാകാലങ്ങളിൽ, പിന്നാക്ക വിഭാഗത്തിൽപ്പെട്ടവരുടെ വായ്പകൾ ഒഴിവാക്കുന്ന സർക്കാർ പദ്ധതികളിൽ ഉൾപ്പെടുത്തി ഇത്തരം വായ്പകൾ എഴുതിത്തള്ളിക്കുകയാണ് ചെയ്തു വരുന്നത്.
ബാങ്ക് പ്രതിസന്ധിയിലായതിനെത്തുടർന്ന് പുനരുദ്ധാരണ പാക്കേജിൽ ഉൾപ്പെടുത്തി അനുവദിച്ച തുക പോലും നിയമാനുസൃതമായല്ല വിനിയോഗിക്കുന്നത്.
ഇത്തരത്തിൽ നടക്കുന്ന ക്രമക്കേടുകളെക്കുറിച്ച് സഹകരണവകുപ്പോ ഭരണത്തിന്റെ കീഴിലുള്ള മറ്റ് ഏജൻസികളോ നടത്തുന്ന അന്വേഷണം അട്ടിമറിക്കപ്പെടാൻ സാധ്യതയുള്ളതിനാലാണ് ഇ.ഡി. അന്വേഷണം ആവശ്യപ്പെടുന്നത്.
നിയമാനുസൃത നടപടിയെന്ന നിലയിൽ സഹകരണ ജോയിന്റ് രജിസ്ട്രാർ , അസിസ്റ്റന്റ് രജിസ്ട്രാർ , ജില്ലാ രജിസ്ട്രാർ എന്നിവർക്ക് പരാതി നല്കാനും യോഗം തീരുമാനമെടുത്തു.
നിക്ഷേപ കാലാവധി കഴിഞ്ഞിട്ടും തിരിച്ചു കിട്ടാത്ത ലക്ഷക്കണക്കിന് രൂപക്കായി ദിനം പ്രതി ബാങ്കിൽ കയറിയിറങ്ങുന്ന സഹകാരികളുടെ നിക്ഷേപതുക തിരിച്ചു കൊടുക്കാത്ത പക്ഷം ശക്തമായ സമര പരിപാടികളും നിയമ നടപടികളുമായി മുന്നോട്ട് പോകുവാനാണ് യു.ഡി.എഫ് തീരുമാനം.
യോഗത്തിൽ ചെയർമാൻ വിനോദ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു.
നിയോജക മണ്ഡലം കൺവീനർ ജോയി കൊച്ചുകരോട്ട് ഉദ്ഘാടനം ചെയ്തു.
നേതാക്കളായ ജയ്സൺ കെ. ആന്റണി, കെ.ബി. സെൽവം, വി.എ. ഉ ലഹന്നാൻ , മിനി സാബു , എബി തോമസ്, തങ്കച്ചൻ കാരക്കാവയലിൽ, ടോമി തെങ്ങുംപള്ളിൽ, ബിജു വടക്കേക്കര, ഡിക്ലാർക്ക് സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു