“മമതക്ക് സ്പെയിനിലേക്ക് പോകാൻ പറ്റും, ജനങ്ങളുടെ ‘പെയിൻ’ മനസിലാക്കാൻ പറ്റില്ല”; അധീർ ചൗധരി
മുഖ്യമന്ത്രി മമതാ ബാനർജിയുടെ സ്പെയിൻ സന്ദർശനത്തെ രൂക്ഷമായി വിമർശിച്ച് പശ്ചിമ ബംഗാൾ കോൺഗ്രസ് അധ്യക്ഷൻ അധീർ രഞ്ജൻ ചൗധരി. സംസ്ഥാനത്ത് ഡെങ്കിപ്പനി പടരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ സ്പെയിൻ യാത്ര. മമതക്ക് സ്പെയിനിലേക്ക് പോകാൻ പറ്റുമെന്നും എന്നാൽ ആളുകളുടെ ‘പെയിൻ’ മനസ്സിലാക്കാൻ കഴിവില്ലെന്നും അദ്ദേഹം വിമർശിച്ചു.
‘ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിൽ ഡെങ്കിപ്പനി പടർന്നുപിടിക്കുന്നതിനെക്കുറിച്ച് ഞങ്ങൾ സംസ്ഥാന സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നു. സാധാരണക്കാരുടെ വിഷയങ്ങളെ സര്‍ക്കാര്‍ അവഗണിക്കുന്നതാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം. മുഖ്യമന്ത്രിക്ക് സ്‌പെയിനിലേക്ക് പോകാൻ പറ്റും, എന്നാൽ ഇവിടുത്തെ ജനങ്ങളുടെ വേദന മനസ്സിലാക്കാൻ കഴിയുന്നില്ല’- അദ്ദേഹം പറഞ്ഞു.
യൂറോപ്യൻ രാഷ്ട്രത്തിലേക്കുള്ള യാത്രയ്ക്കിടെ മമതാ ബാനര്‍ജി ആഡംബര ഹോട്ടലില്‍ താമസിക്കുന്നതിനെയും ചൗധരി വിമര്‍ശിച്ചു. മുഖ്യമന്ത്രി ശമ്പളം വാങ്ങുന്നില്ലെന്ന് കേട്ടിട്ടുണ്ട്. സ്വന്തം ബുക്കുകളും പെയിന്റിങ്ങുകളും വിറ്റാണ് ജീവിക്കുന്നത്. അങ്ങനെയാണെങ്കിൽ മഡ്രിഡില്‍ പ്രതിദിനം മൂന്നുലക്ഷം രൂപ വാടകയുള്ള ഹോട്ടലില്‍ എങ്ങനെ താമസിക്കാന്‍ കഴിയും? എത്ര രൂപയാണ് യാത്രയ്ക്കായി ചെലവഴിക്കുന്നതെന്നും കോൺഗ്രസ് നേതാവ് ചോദിച്ചു.
ബിജെപി വിരുദ്ധ ‘ഇന്ത്യ’ മുന്നണിക്കു വേണ്ടി ഡൽഹിയിൽ കോണ്‍ഗ്രസും മമതാ ബാനര്‍ജിയും കൈകോര്‍ക്കുമ്പോഴാണ് ബംഗാളില്‍ ഇരുപാര്‍ട്ടികളും തമ്മിലുള്ള പോര് വഷളാകുന്നത്.