ഷൂട്ടിങ്ങിൽ അഞ്ച്, തുഴച്ചിലിൽ അഞ്ച്; ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ മെഡൽ നേട്ടം പത്ത്
ഹാങ്ചൗ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ മെഡൽ നേട്ടം രണ്ടക്കം കടന്നു. ആകെ 10 മെഡലാണ് ഇന്ത്യ ഇതുവരെ സ്വന്തമാക്കിയത്. അഞ്ച് മെഡലുകൾ ഷൂട്ടിങ്ങിലും അഞ്ച് മെഡലുകൾ തുഴച്ചിലിലുമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഷൂട്ടിങ്ങിൽ പുരുഷന്മാരുടെ വ്യക്തിഗത ഇനത്തിൽ ഇന്ത്യയുടെ ഐശ്വരി പ്രതാപ് സിങ് ടോമർ വെങ്കല മെഡൽ സ്വന്തമാക്കി. 10 മീറ്റർ എയർ റൈഫിൾസിലാണ് ഐശ്വരി പ്രതാപ് സിങ്ങിന്റെ നേട്ടം. ഇന്ന് 10 മീറ്റർ എയർ റൈഫിൾസിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിലും ഐശ്വരി അംഗമായിരുന്നു.
പുരുഷന്മാരുടെ 25 മീറ്റർ റാപ്പിഡ് ഫയറിൽ ഇന്ത്യയുടെ വിജയ്വീർ സിങ് സിന്ധു, ആദർശ് സിങ്, അനീഷ് ബൻവാലെ എന്നിവരുടെ സഖ്യം വെങ്കല മെഡൽ സ്വന്തമാക്കി. വിജയ്വീർ സിങ് 25 മീറ്റർ റാപ്പിഡ് ഫയർ വ്യക്തിഗത ഇനത്തിൽ ഫൈനലിൽ പ്രവേശിച്ചിട്ടുണ്ട്. 11.30നാണ് ഫൈനൽ മത്സരം നടക്കുക.
സ്വർണ നേട്ടം പ്രതീക്ഷിക്കുന്ന ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അൽപ്പസമയത്തിനകം മത്സരത്തിനിറങ്ങും. ശ്രീലങ്കയാണ് ഇന്ത്യൻ വനിതകളുടെ എതിരാളികൾ. 11.30നാണ് സ്വർണ മെഡലിനായുള്ള മത്സരം തുടങ്ങുക.