‘ചില തീരുമാനങ്ങൾ രാജ്യത്തിന്റെ തലയിലെഴുത്ത് മാറ്റും’; വർഷങ്ങളുടെ സ്വപ്നം യാഥാർഥ്യമായെന്ന് മോദി


ന്യൂഡൽഹി: കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ചരിത്രം രചിക്കപ്പെടുന്നതിന് സാക്ഷിയായി എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വനിതാ സംവരണ ബില്ല് പാസായതിനെ കുറിച്ചായിരുന്നു പരാമർശം. വരും തലമുറകൾ ഇത് ഓർക്കും. എല്ലാ അമ്മമാർക്കും സഹോദരിമാർക്കും പെൺമക്കൾക്കും അഭിനന്ദനം. ചില തീരുമാനങ്ങൾ രാജ്യത്തിന്റെ തലയിലെഴുത്ത് മാറ്റുമെന്ന് മോദി പറഞ്ഞു. വർഷങ്ങളുടെ സ്വപ്നം യാഥാർഥ്യമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിൽ യാഥാർത്ഥ്യമാക്കിയ പ്രധാനമന്ത്രിക്ക് ബിജെപി ആസ്ഥാനത്ത് സ്വീകരണം നൽകി. വനിത സംവരണ ബിൽ രാഷ്ട്രപതി ഒപ്പിടുന്നതോടെ നിയമമാകും. ബിൽ പാസാക്കിയതിന് പിന്നാലെ ആരംഭിച്ച ബിജെപി ആഘോഷങ്ങൾ തുടരുകയാണ്. ബിജെപി ദേശീയ ആസ്ഥാനത്ത് മഹിള മോർച്ച, ബിജെപി വനിത എംപിമാർ എന്നിവർ ചേർന്ന് പ്രധാനമന്ത്രിക്ക് സ്വീകരണം നൽകി.
ബിൽ നരേന്ദ്ര മോദി സർക്കാരിന്റെ നേട്ടമായി ഉയർത്തിക്കാട്ടി സംസ്ഥാനങ്ങളിൽ പ്രചാരണം നടത്താനാണ് ബിജെപിയുടെ നീക്കം. വരുന്ന 5 നിയമസഭാ തിരഞ്ഞെടുപ്പിലും ലോക്സഭ തിരഞ്ഞെടുപ്പിലും വനിത സംവരണം രാഷ്ട്രീയ ആയുധമാക്കും.