തമിഴ്നാട്ടിൽ നിയന്ത്രണം കടുപ്പിച്ചു: കൂട്ടത്തോടെ ജനങ്ങൾ ഇടുക്കി മാർക്കറ്റിലേക്ക്


കുമളി ∙ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തമിഴ്നാട്ടിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുമെന്ന വാർത്ത വന്നതോടെ ഒട്ടേറെപ്പേർ കേരളത്തിലേക്കെത്തി. ഇടുക്കി ജില്ലയിൽ വിവിധയിടങ്ങളിൽ വീടുകളും ഏലത്തോട്ടങ്ങളുമുള്ളവരാണ് 2 ദിവസമായി കേരളത്തിലേക്കെത്തിയത്. രേഖകൾ പരിശോധിച്ച ശേഷമാണ് പൊലീസ് ഇവരെ അതിർത്തി കടക്കാൻ അനുവദിച്ചത്. തമിഴ്നാട്ടിൽ ഇന്നു മുതൽ നിയന്ത്രണങ്ങൾ കർശനമാക്കുകയാണ്.
മരുന്നുകടകൾ ഒഴികെ എല്ലാ സ്ഥാപനങ്ങളും ഒരാഴ്ചത്തേക്ക് അടച്ചിടും. പുറത്തിറങ്ങി നടക്കാൻ ആരെയും അനുവദിക്കില്ല. അനാവശ്യമായി പുറത്തിറങ്ങുന്നവരിൽ നിന്നു പിഴ ഈടാക്കുമെന്നു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒരാഴ്ചത്തേക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങുന്നതിന് ഇന്നലെ ഇളവ് നൽകിയിരുന്നു. അതിനാൽ കോവിഡ് മാനദണ്ഡങ്ങളെല്ലാം മറികടന്ന് ആളുകൾ കൂട്ടത്തോടെ മാർക്കറ്റിലെത്തുന്ന കാഴ്ചയായിരുന്നു എല്ലായിടത്തും. പച്ചക്കറികൾ ആവശ്യക്കാർക്ക് വീടുകളിൽ എത്തിച്ചുനൽകാൻ സംവിധാനം ഒരുക്കിയിട്ടുണ്ട്.
ഇടുക്കി ജില്ലയുമായി അതിർത്തി പങ്കിടുന്ന തേനി ജില്ലയിൽ ഉൾപ്പെടെ കോവിഡ് ബാധിതരുടെയും രോഗം ബാധിച്ച് മരിക്കുന്നവരുടെയും എണ്ണം വർധിക്കുകയാണ്. കാലവർഷം ആരംഭിക്കുന്നതിന് മുന്നോടിയായി ഏലത്തോട്ടങ്ങളിൽ പണികൾ ചെയ്യാനുള്ളതിനാൽ ഇവിടെ തോട്ടമുള്ളവർ തിരികെയെത്തുകയായിരുന്നു. തമിഴ്നാട്ടിൽ നിയന്ത്രണങ്ങൾ എത്രനാൾ നീളുമെന്ന അനിശ്ചിതത്വവുമുണ്ട്.