‘അക്രമാസക്ത സ്വഭാവത്തിനും മര്യാദകേടിനുമുള്ള സ്ഥലമല്ല പാർലമെന്റ്’;അംഗങ്ങൾ ബഹുമാനം കാണിക്കണമെന്ന് സുപ്രീംകോടതി


പാര്‍ലമെന്റിലോ നിയമസഭകളിലോ അക്രമാസക്ത സ്വഭാവത്തിനും മര്യാദക്കേടിനും സ്ഥാനമില്ലെന്ന് സുപ്രീം കോടതി. ഓരോ അംഗങ്ങളും പരസ്പരം ബഹുമാനം കാണിക്കണമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് സൂര്യകാന്ത്, എന്‍ കോടിസ്വര്‍ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് നിരീക്ഷണം.
ബിഹാര്‍ ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ രാഷ്ട്രീയ ജനതാദളിന്റെ എംഎല്‍സി സുനില്‍ കുമാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ മുദ്രാവാക്യം വിളിച്ചതിനെ വിമര്‍ശിച്ചു കൊണ്ടായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം. സഭയ്ക്കുള്ളില്‍ സംസാരിക്കാനുള്ള അവകാശം കൂടെയുള്ള അംഗത്തെയും മന്ത്രിമാരെയും ഏറ്റവും പ്രധാനമായി സ്പീക്കറെയും അപമാനിക്കുവാനോ അപകീര്‍ത്തിപ്പെടുത്താനോ ഉപയോഗിക്കാന്‍ പാടില്ലെന്നും സുപ്രീം കോടതി പറഞ്ഞു.
സുനില്‍ കുമാറിനെ സഭയില്‍ നിന്ന് പുറത്താക്കിയതിനെയും സുപ്രീം കോടതി വിമര്‍ശിച്ചു. ‘അംഗങ്ങളുടെ പരസ്പര ബഹുമാനം പാരമ്പര്യത്തിന്റെയോ ഔചിത്യത്തിന്റെയോ കാര്യമല്ല. ജനാധിപത്യ പ്രക്രിയയുടെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിന് ഇത് ആവശ്യമാണ്. ഈ ബഹുമാനം സംവാദങ്ങളും ചര്‍ച്ചകളും ഫലപ്രദമാണെന്ന് ഉറപ്പാക്കുകയും പ്രശ്‌നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും സഭയുടെ അന്തസ് ഉയര്‍ത്തുകയും ചെയ്യുന്നു’, സുപ്രീം കോടതി പറഞ്ഞു.
അതേസമയം അംഗങ്ങള്‍ക്കെതിരെയുള്ള നടപടികളിലും സുപ്രീം കോടതി അതൃപ്തി രേഖപ്പെടുത്തി. സഭാ നടപടികളില്‍ നിന്ന് അംഗത്തെ ഒഴിവാക്കുന്നത് ജനാധിപത്യ മൂല്യങ്ങളെ മാത്രമല്ല ബാധിക്കുന്നതെന്നും വോട്ടര്‍മാരെയും ബാധിക്കുമെന്നും സുപ്രീം കോടതി പറഞ്ഞു. ഇന്ത്യയുടെ പ്രാതിനിധ്യ ജനാധിപത്യത്തില്‍ അംഗത്തിന്റെ പ്രധാന ജോലി ജനഹിതം പ്രതിഫലിപ്പിക്കുകയെന്നതാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.